സ്വത്തുതർക്കം: റിസോർട്ട് ഉടമയെ വെട്ടിക്കൊന്നു
text_fieldsകൊല്ലങ്കോട് (പാലക്കാട്): സ്വത്തുതർക്കത്തെ തുടർന്ന് കൊല്ലങ്കോട്ടെ സ്വകാര്യ റിസോർട്ട് ഉടമയെ വെട്ടിെക്കാലപ്പെടുത്തി. കൊല്ലങ്കോട് പണിക്കത്ത് വീട്ടിൽ ടി.എൻ. രാജേന്ദ്രനാണ് (54) മരിച്ചത്.
അയിലൂർ തിരുവഴിയാട് മണികണ്ഠനെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ബാബു കടമ്പടി പൊലീസ് നിരീക്ഷണത്തിലാണ്. മൂന്നാം പ്രതി കുമാരനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.
കുടുംബ സ്വത്ത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെന്മേനി മണികുണ്ഠം എന്ന സ്ഥലത്തുള്ള നാലര ഏക്കർ കൃഷിസ്ഥലവും തർക്കത്തിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് രാജേന്ദ്രൻ നെന്മേനിയിലെ ഫാം ഹൗസിലേക്ക് പോകുന്നതിനിടെ, വിതച്ച പാടത്ത് വാഹനം ഇറക്കിയതാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. കുളക്കരയിലെ ഷെഡിൽ ഇരുന്ന സംഘമാണ് രാജേന്ദ്രനെ വെട്ടിപ്പരിക്കേൽപിച്ചത്.
റിസോർട്ടിനു പുറമെ ബംഗളൂരുവിൽ ഇൻറീരിയർ ഡിസൈനിങ് സ്ഥാപനവും നടത്തിവരുകയായിരുന്നു രാജേന്ദ്രൻ. മാതാവ്: സരോജിനി. ഭാര്യ: ഷൈലജ. മക്കൾ: ശ്രേയ (ഫ്രാൻസ്), റിജുള. സഹോദരൻ: ടി.എൻ. രമേശ് (ബി.ജെ.പി നേതാവും പഞ്ചായത്ത് അംഗവും).

