മധ്യവയസ്കനെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തി
text_fieldsആലക്കോട്: ഉദയഗിരിക്കടുത്ത് മുതുശ്ശേരിയില് മധ്യവയസ്കനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മുതുശ്ശേരിയിലെ പുലിക്കിരി ശശിയെ (52) ആണ് മുതുശ്ശേരി-പരപ്പ റോഡില്‍ പുലര്‍ച്ചെ അഞ്ചോടെ തലക്ക് മാരകമായി പരിക്കേറ്റ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് തലയില്‍നിന്നും രക്തം വാര്‍ന്ന നിലയില്‍ ശശി റോഡില്‍ വീണുകിടക്കുന്നത് ആദ്യം കണ്ടത്. മരംവെട്ടു തൊഴിലാളിയായ ശശി തലേദിവസം രാത്രി 11 വരെ ബന്ധുവീട്ടില്‍ നടന്ന കപ്പവാട്ടുന്ന പണിയില്‍ സഹായിച്ച ശേഷം വീട്ടിലേക്കു മടങ്ങിയിരുന്നു.
മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്, ആലക്കോട് പൊലിസ് ഇന്‍സ്പെക്ടര്‍ കെ. വിനോദ്, എസ്.ഐ എം.കെ. രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
കണ്ണൂരില്‍നിന്നു ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഓമനയാണ് മരിച്ച ശശിയുടെ ഭാര്യ. മക്കള്‍: ശാരിക, ശരണ്യ.

