പ്രണയം! ബംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു
text_fieldsകൊല്ലപ്പെട്ട കിരൺ
ബംഗളൂരു: തൊഴിലുടമയുടെ മകളെ പ്രണയിച്ചുവെന്നാരോപിച്ച് മലയാളി യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ ബുധനാഴ്ചയാണ് സംഭവം.
സംഭവത്തില്‍ പ്രതിയായ ഫാക്ടറി ഉടമയും തമിഴ്നാട് സ്വദേശിയുമായ ആനന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനന്ദിന്റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. കിരണിന്റെ സഹോദരൻ ഹൃതിക്കും ഇതേ കമ്പനിയിലെ ജീവനക്കാരനാണ്.
കിരണിനെ രണ്ടു ദിവസമായി ബംഗളൂരുവിൽ കാണാനില്ലെന്ന് കാണിച്ച് ബന്ധു പൊലീസില്‍ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണിന്റെ മരണവിവരം പുറത്തറിയുന്നത്.
കൊല്ലപ്പെട്ട കിരണും തൊഴിലുടമയായ ആനന്ദന്റെ 19 വയസ്സുള്ള മകളും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായി ആനന്ദന്റെ കമ്പനിയിൽ കിരൺ ജോലി ചെയ്തുവരികയായിരുന്നു.
മൈസൂരുവിൽ പഠിക്കുകയായിരുന്ന 19കാരി കഴിഞ്ഞ ദിവസമാണ് അവധിക്ക് ബംഗളൂരുവിലെത്തിയത്. കിരണിനെയും മകളെയും വീട്ടിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടതാണ് ആനന്ദനെ പ്രകോപിപ്പിച്ചത്. ആനന്ദ് മകളെ ഉടൻതന്നെ ചിക്കബെല്ലാപുരിയിലെ ഒരു ബന്ധുവീട്ടിലേക്ക് മാറ്റി.
ശേഷം വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റും പൈപ്പുമെല്ലാം ഉപയോഗിച്ച് കിരണിനെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് ബോധരഹിതനായ കിരണിനെ ആനന്ദ് തന്നെയാണ് ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.
മർദനത്തിൽ ഗുരുതരമായി പരിക്കേറ്റാണ് കിരൺ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കിരണിന്റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യെലഹങ്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സ്വീറ്റ് കോൺ തയ്യാറാക്കുന്ന മെഷീൻ നിർമിക്കുന്ന കമ്പനി നടത്തിവരികയായിരുന്നു ആനന്ദ്. തമിഴ്നാട് സ്വദേശിയായ ആനന്ദ് ബെംഗളൂരു എലഹങ്കയിൽ താമസിച്ചിരുന്നത്.
കിരണിന്റെ പിതാവ്: സിദ്ധാർത്ഥൻ. മാതാവ്: ശബരി. ഋത്വിക്, കൃപ എന്നിവർ സഹോദരങ്ങളാണ്.

