സുമനസ്സുകളുടെ കാരുണ്യവും താങ്ങായില്ല; മദ്റസ അധ്യാപകൻ മരിച്ചു
text_fieldsഅഷ്റഫ് മുസ്ലിയാർ
മുഹമ്മ (ആലപ്പുഴ): മണ്ണഞ്ചേരിയിലെ സുമനസ്സുകൾ ധനസമാഹരണം നടത്തി ചികിത്സിച്ച മദ്റസ അധ്യാപകൻ മരിച്ചു. ചിയാംവെളി ഇർഷാദുൽ ഇസ്ലാം മദ്റസ അധ്യാപകനായിരുന്ന മുഹമ്മ ദാറുസ്സലാമിൽ അഷ്റഫ് മുസ്ലിയാരാണ് (56) മരിച്ചത്.
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മണ്ണഞ്ചേരി അൽ ഷിഫ ചാരിറ്റബിൾ ട്രസ്റ്റ്, വിവിധ മഹല്ല്-മദ്റസ കമ്മിറ്റികൾ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ എന്നിവയുടെ നേതൃത്വത്തിൽ 15 ലക്ഷം രൂപ ഒരു വർഷം മുമ്പ് സമാഹരിച്ചാണ് ചികിത്സ നടത്തിയിരുന്നത്.
വീട്ടിൽ വിശ്രമത്തിലിരിക്കെ രോഗം മൂർഛിച്ച് വ്യാഴാഴ്ചയാണ് മരണം. മുഹമ്മ മുസ്ലിം ജമാഅത്ത്, കാവുങ്കൽ മദ്റസ, പുന്നപ്ര കുറവംതോട് മദ്റസ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: റാബിയത്ത്. മക്കൾ: അമീർ, അമീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുഹമ്മ ജമാഅത്ത് ഖബർസ്ഥാനിൽ.

