Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരൾച്ച ഗുരുതരം: കേന്ദ്രത്തിന് മൂന്നാമത്തെ ദുരിതാശ്വാസ നിവേദനം നല്‍കും: ഉപമുഖ്യമന്ത്രി

text_fields
bookmark_border
ഭക്ഷ്യോൽപാദനത്തിൽ 82 ശതമാനം നഷ്ടം സംഭവിച്ചു
വരൾച്ച ഗുരുതരം: കേന്ദ്രത്തിന് മൂന്നാമത്തെ ദുരിതാശ്വാസ നിവേദനം നല്‍കും: ഉപമുഖ്യമന്ത്രി
cancel
camera_alt

ജി. ​പ​ര​മേ​ശ്വ​ര

ബംഗളൂരു: കർണാടകയിലെ മിക്ക ഭാഗങ്ങളിലും വരൾച്ച രൂക്ഷമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര. കേന്ദ്രത്തിൽനിന്ന് വരൾച്ചാ ദുരിതാശ്വാസ ഫണ്ട് ലഭിക്കുന്നതിനുള്ള മൂന്നാമത്തെ നിവേദനം സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവില്‍ കേന്ദ്ര സഹായത്തിനായി കാത്തിരിക്കാതെ സര്‍ക്കാര്‍ സ്വന്തം ചെലവിലാണ് ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കൻ കർണാടകയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ നിരവധി വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതായും സ്ഥിതിഗതികൾ വിലയിരുത്താൻ കർഷകരുമായി സംവദിച്ചതായും പരമേശ്വര മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭക്ഷ്യോൽപ്പാദനത്തിൽ 82 ശതമാനം നഷ്ടം സംഭവിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ടാങ്കറുകൾ വഴിയും വാടകക്കെടുത്ത സ്വകാര്യ കുഴൽക്കിണറുകൾ വഴിയും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. എങ്കിലും നിലവിലുള്ള ജലസ്രോതസ്സുകൾ വറ്റിയാൽ സ്ഥിതി കൂടുതൽ വഷളാകും.

കേന്ദ്രസർക്കാറിന്‍റെ മാർഗനിർദേശങ്ങൾക്കനുസൃതമായി വരൾച്ച ബാധിത പ്രദേശങ്ങൾ കണ്ടെത്തി വിളനാശം വിലയിരുത്തിയിട്ടുണ്ട്. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ദേശീയ ദുരിതാശ്വാസ നിധി (എൻ‌.ഡി.‌ആർ‌.എഫ്) മാനദണ്ഡങ്ങൾ പ്രകാരം സംസ്ഥാനം സഹായം തേടും. നിവേദനം സമർപ്പിക്കാൻ കേന്ദ്രത്തിലേക്ക് ഒരു സംഘത്തെ നിയമിക്കണോ എന്ന കാര്യം മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തീരുമാനിക്കുമെന്ന് പരമേശ്വര പറഞ്ഞു.

ഡെപ്യൂട്ടി കമീഷണർമാരും ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർമാരും ജില്ലാതലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ആവശ്യമുള്ളിടത്തെല്ലാം ടാങ്കറുകളും സ്വകാര്യ കുഴൽക്കിണറുകളും വിന്യസിക്കുകയും ചെയ്യുന്നുണ്ട്. വരൾച്ചാ ദുരിതാശ്വാസമായി കർഷകർക്ക് 2,500 രൂപ വീതം നൽകുന്നതിനായി മാത്രം സംസ്ഥാന സർക്കാർ ഏകദേശം 1,250 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Third Drought Relief Plea to Centre
Next Story