ലോറി മറിഞ്ഞ് കാർ തകർന്നു; അഞ്ചുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsമംഗളൂരു: ഓക്കാനം വന്നപ്പോൾ ഒരുമിച്ച് കാറിൽ നിന്നിറങ്ങിയ അഞ്ചുപേർ വൻ ദുരന്തത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. മംഗളൂരു-ബംഗളൂരു ദേശീയപാതയിൽ ശിരാദി ചുരം ബർചിനഹള്ളിയിൽ കണ്ടെയ്നർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽനിന്നാണ് അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ദാവൻഗരെ സ്വദേശികളായ യു. ഗണേശ് (31) ശിവു എന്ന ശിവൻ (29), യു. കാവ്യ (26), ദാന്തമ്മ (52), ഡ്രൈവർ അബ്ദുർ റഹ്മാൻ മുല്ല (49) എന്നിവരാണ് കാറിലുണ്ടായിരുന്നത്.ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം കഴിഞ്ഞ് ദാവൻഗരെയിലേക്ക് മടങ്ങുകയായിരുന്നു യാത്രക്കാർ. യുവതിക്ക് ഛർദിക്കാൻ വന്നപ്പോൾ കാർ നിർത്തി എല്ലാവരും ഇറങ്ങുകയായിരുന്നു. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ലോറി വീണ് തകർന്ന കാറാണ്.

