ശൃംഗേരി വോട്ടെണ്ണൽ വിഡിയോ ലഭ്യമല്ല; തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി വിമർശം
text_fieldsമംഗളൂരു: കർണാടകയിൽ 2023ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശൃംഗേരി മണ്ഡലത്തിലെ വോട്ടെണ്ണൽ പ്രക്രിയയുടെ വിഡിയോ റെക്കോഡിങ് ട്രാക്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് സുപ്രീം കോടതി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനെ (ഇസിഐ) വിമർശിച്ചു. 2027 ഫെബ്രുവരി 15 ന് നടക്കുന്ന അടുത്ത വാദം കേൾക്കലിനകം ലഭ്യമായ എല്ലാ രേഖകളും ഹാജരാക്കാൻ ജസ്റ്റിസുമാരായ സഞ്ജയ് കുമാറും സഞ്ജീവ് സച്ച്ദേവയും അടങ്ങുന്ന ബെഞ്ച് തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചു. കമീഷൻ ഇത് പാലിച്ചില്ലെങ്കിൽ പ്രതികൂലമായ നിഗമനത്തിലെത്തുമെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകി.
ശൃംഗേരി നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ടി.ഡി. രാജെഗൗഡ ബി.ജെ.പി സ്ഥാനാർത്ഥി ഡി.എൻ. ജീവരാജിനെതിരെ 201 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് വിജയം നേടിയിരുന്നു .ഫലത്തിനെതിരെ ജീവരാജ് കർണാടക ഹൈകോടതിയെ സമീപിച്ചു. തുടർന്ന് പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണാൻ ഉത്തരവിട്ടു.2026 മേയ് മൂന്നിന് നടന്ന വീണ്ടും എണ്ണലിനെത്തുടർന്ന് രാജെഗൗഡയുടെ വോട്ടുകളുടെ എണ്ണം 255 വോട്ടുകൾ കുറഞ്ഞു. ഇതേത്തുടർന്ന് ജീവരാജിനെ വിജയിയായി പ്രഖ്യാപിച്ചു.
തുടർന്ന് രാജഗൗഡ സുപ്രീം കോടതിയിൽ വീണ്ടും എണ്ണൽ പ്രക്രിയയെ ചോദ്യം ചെയ്തു. ഹൈകോടതി നിരസിച്ച 279 പോസ്റ്റൽ ബാലറ്റുകളുടെ പുനഃപരിശോധന മാത്രമേ നിർബന്ധമാക്കിയിട്ടുള്ളൂവെങ്കിലും സ്വീകരിച്ച 562 ബാലറ്റുകളും പരിശോധിച്ചുവെന്ന് അദ്ദേഹം വാദിച്ചു. സുതാര്യത ആവശ്യപ്പെട്ട്, യഥാർത്ഥ വോട്ടെണ്ണലിന്റെയും വീണ്ടും എണ്ണലിന്റെയും വീഡിയോ ദൃശ്യങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപ്പോർട്ടും ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വാദം കേൾക്കുന്നതിനിടെ, യഥാർത്ഥ വോട്ടെണ്ണൽ വീഡിയോ കാണുന്നില്ല എന്ന് ഇ.സി.ഐയുടെ അഭിഭാഷകൻ സമ്മതിച്ചു, ഇത് ബെഞ്ചിൽ നിന്ന് രൂക്ഷമായ വിമർശനത്തിന് ഇടയാക്കി. കേസ് ഒടുവിൽ തീർപ്പാക്കുന്നത് വരെ എംഎൽഎ സ്ഥാനത്ത് തുടരാൻ രാജഗൗഡയ്ക്ക് സുപ്രീം കോടതി നേരത്തെ ഇടക്കാല ആശ്വാസം നൽകിയിരുന്നു.

