കാണാതായ നഗരസഭ കൗൺസിലർ മരിച്ചനിലയിൽ
text_fieldsരമേശ് റായ്
മംഗളൂരു: വ്യാഴാഴ്ച രാവിലെ കാണാതായ പുത്തൂർ സിറ്റി മുനിസിപ്പൽ കൗൺസിലർ രമേശ് റായ് നെല്ലിക്കാട്ടെയുടെ (60) മൃതദേഹം പാണേമംഗളൂരിലെ പഴയ നേത്രാവതി പാലത്തിന് സമീപം കണ്ടെത്തി. രാവിലെ പാലത്തിനടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്ക്, മൊബൈൽ ഫോൺ, ഷർട്ട്, ചെരിപ്പുകൾ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.
പുത്തൂർ സിറ്റി മുനിസിപ്പൽ കൗൺസിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ബി.ജെ.പി അംഗം രമേശ് റായിയുടേതാണ് ഈ വസ്തുക്കൾ എന്ന് പിന്നീട് തിരിച്ചറിഞ്ഞു. നദിയിൽ നടത്തിയ തിരച്ചിലിനുശേഷം സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

