മംഗളൂരു -ഉഡുപ്പി മെട്രോ റെയിൽ പദ്ധതിക്ക് മാസ്റ്റർ പ്ലാൻ
text_fieldsമംഗളൂരു: മംഗളൂരുവിനെയും ഉഡുപ്പിയെയും ബന്ധിപ്പിക്കുന്ന മെട്രോ റെയിൽ പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. 64 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇന്റർസിറ്റി മെട്രോ റെയിൽ ലിങ്ക് മംഗളൂരു, ഉഡുപ്പി, മണിപ്പാൽ എന്നിവയെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
പദ്ധതിക്കായി വിശദമായ സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠനം നടത്താൻ സംസ്ഥാന സർക്കാർ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിനോട് (ബി.എം.ആർ.സി.എൽ) നിർദേശിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാർക്ക് അയച്ചിട്ടുണ്ട്.
നിർദിഷ്ട മെട്രോ പദ്ധതിയെക്കുറിച്ച് സർക്കാറിൽനിന്ന് കത്ത് ലഭിച്ചതായി ദക്ഷിണ കന്നട ഡെപ്യൂട്ടി കമീഷണർ മുല്ലൈ മുഹിലൻ സ്ഥിരീകരിച്ചു. ബി.എം.ആർ.സി.എൽ പഠനം നടത്തുമെന്നും അതിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയായിരിക്കും ഭാവിനടപടികൾ എന്നും അദ്ദേഹം പറഞ്ഞു.

