ബൈക്ക് യാത്രികനെ പുള്ളിപ്പുലി ആക്രമിച്ചു
text_fieldsമംഗളൂരു: മാണ്ഡ്യ കെ.ആർ പേട്ട് താലൂക്കിലെ കട്ടർഘട്ട ഗ്രാമത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്ത് ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം നടന്നത്. ഗുരുതര പരിക്കുകളോടെ കർഷകനായ സതീഷിന്റെ മകൻ കിരണിനെ (31) കെ.ആർ പേട്ട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും കൈകൾക്കും കാലുകൾക്കുമാണ് പരിക്കേറ്റത്.
കട്ടർഘട്ടയിൽനിന്ന് ബന്ദിഹോളയിലുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന കിരണിന്റെ നേരെ പുള്ളിപ്പുലി പെട്ടെന്ന് ചാടിവീഴുകയായിരുന്നു. ആക്രമണത്തിന്റെ ശക്തിയിൽ യുവാവ് ബൈക്കിൽനിന്ന് വീണു. പുള്ളിപ്പുലി മുഖം, കൈകൾ, കാലുകൾ എന്നിവയിൽനിന്ന് മാംസം കടിച്ചുകീറി. തുടർന്ന് പുലി സ്ഥലത്തുനിന്ന് ഓടിപ്പോയി. ബോധം വീണ്ടെടുത്ത ശേഷം കിരൺ വിളിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ സുഹൃത്ത് സാഗറാണ് ആശുപത്രിയിൽ എത്തിച്ചത്.

