രാമക്ഷേത്ര ചടങ്ങിൽ കുമാരസ്വാമി പങ്കെടുക്കും
text_fieldsബംഗളൂരു: ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുക്കുമെന്ന് ജെ.ഡി-എസ് ദേവഗൗഡ വിഭാഗം കർണാടക ആക്ടിങ് പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് നേതാക്കൾ ചൊവ്വാഴ്ച ബംഗളൂരുവിൽ തന്റെ വീട്ടിലെത്തി ഔദ്യോഗികമായി ക്ഷണക്കത്ത് കൈമാറിയതായും രാമജന്മഭൂമിയിൽ വലിയ ക്ഷേത്രം നിർമിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് അഖില ഭാരതീയ സംഘ പ്രമുഖ് രാംലാൽ നേരിട്ടെത്തിയാണ് കുമാരസ്വാമി, ഭാര്യ അനിത കുമാരസ്വാമി, മകൻ നിഖിൽ കുമാരസ്വാമി എന്നിവരെ ട്രസ്റ്റിനുവേണ്ടി ക്ഷണിച്ചത്. പിതാവ് എച്ച്.ഡി. ദേവഗൗഡയെ നേരത്തേതന്നെ ക്ഷണിച്ചിരുന്നതായും കുമാരസ്വാമി കൂട്ടിച്ചേർത്തു.

