കെ.പി.എസ്.സി അഴിമതി സാഹുക്കറിന്‍റെയും ഗീതയുടെയും ഇ.ഡി കസ്റ്റഡി അവസാനിച്ചു
text_fieldsശിവശങ്കരപ്പ സാഹുക്കര്‍, ബി.വി. ഗീത
ബംഗളൂരു: കെ.പി.എസ്.സി നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) കസ്റ്റഡിയിലുള്ള മുൻ കർണാടക പബ്ലിക് സർവിസ് കമ്മീഷൻ (കെ.പി.എസ്.സി) ചെയർമാൻ ശിവശങ്കരപ്പ സാഹുക്കറിന്‍റെയും കമീഷൻ അംഗം ബി.വി. ഗീതയുടെയും 13 ദിവസത്തെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചു.
ഇരുവരെയും ഇ.ഡി വീണ്ടും കസ്റ്റഡിയിലെടുക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വെറ്ററിനറി ഓഫിസർ തസ്തികകളിലേക്കുള്ള നിയമനം ഉൾപ്പെടെ കമ്മീഷൻ നടത്തിയ വിവിധ നിയമന പ്രക്രിയകളിലെ അഴിമതി ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഏജൻസി രണ്ട് പ്രതികളെയും 13 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആരോപണവിധേയമായ തെറ്റുകളെക്കുറിച്ച് യാതൊരറിവും ഇല്ലെന്നും പരീക്ഷാ കൺട്രോളറായിരുന്ന ഗ്യാനേന്ദ്ര കുമാറാണ് ക്രമക്കേടുകൾക്ക് ഉത്തരവാദിയെന്നും ഇരുവരും ആരോപിച്ചു. രണ്ടു ഉദ്യോഗാര്‍ഥികളില്‍ നിന്ന് സാഹുക്കർ 10 ലക്ഷം രൂപയും ഗീത 20 ലക്ഷം രൂപയും കൈപ്പറ്റിയതായി വ്യക്തമാക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ആരോപണത്തില്‍ പ്രതികള്‍ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.

