കർഷകനെ പുലി ആക്രമിച്ചു; കവുങ്ങിൽ കയറി ജീവൻ കാത്തു
text_fieldsപ്രതീകാത്മക ചിത്രം
മംഗളൂരു: ബെൽത്തങ്ങാടി താലൂക്കിലെ കണിയാടി-ഒന്ന് ഗ്രാമത്തിലെ അണ്ടിമാറുവിൽ വെള്ളിയാഴ്ച രാവിലെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. ആന്ദീർമരു സ്വദേശി മഞ്ചപ്പ നായിക്കിനാണ്(62) പരിക്കേറ്റത്. രാവിലെ 8.15ഓടെ മഞ്ചപ്പ നായിക് തന്റെ വീടിന്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് സംഭവം.
പെട്ടെന്ന് പുള്ളിപ്പുലി വീട്ടുമുറ്റത്ത് കയറി അദ്ദേഹത്തെ ആക്രമിച്ചു. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ മഞ്ചപ്പ നായിക് അടുത്തുള്ള കവുങ്ങിൽ കയറി കൂടുതൽ പരിക്കുകളിൽനിന്ന് രക്ഷപ്പെട്ടു.
കാലിന് ഗുരുതരമായി പരിക്കേറ്റ നായിക്കിനെ ബെൽത്തങ്ങാടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് വനംവകുപ്പിന്റെ ബെൽത്തങ്ങാടി റേഞ്ചിലെ ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ച് മൊഴിയെടുത്തു.

