രാത്രി ഉച്ചഭാഷിണി ഉപയോഗമെന്ന് പരാതി; പള്ളിയിൽ പരിശോധന നടത്തി പൊലീസ്
text_fieldsമംഗളൂരു: രാത്രി ഉച്ചഭാഷിണി ഉപയോഗിക്കുന്നു എന്ന പരാതിയെ തുടർന്ന് ഉള്ളാൾ പൊലീസ് സോമേശ്വര പെരിബൈലു മസ്ജിദുൽ ഹുദയിൽ പരിശോധന നടത്തി. രാത്രി ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നുണ്ടെന്നും ഇത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള സമീപവാസികൾക്ക് ശല്യമാവുന്നുവെന്നും പൊലീസ് ഹെൽപ്പ്ലൈൻ 112ലേക്ക് വിളിച്ചതിനെ തുടർന്നാണ് പരിശോധന.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രണ്ടുതവണ പള്ളി സന്ദർശിക്കുകയും ഉച്ചഭാഷിണികളുടെ ശബ്ദം പരിമിതപ്പെടുത്താൻ മാനേജ്മെന്റ് കമ്മിറ്റിക്ക് നിർദേശം നൽകുകയും ചെയ്തു. സ്വലാത്ത് മജ്ലിസ് പരിപാടിക്ക് മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കുന്നുള്ളൂവെന്ന് പള്ളി കമ്മിറ്റി പൊലീസിനെ അറിയിച്ചു. ഉച്ചഭാഷിണി ഉപയോഗം സംബന്ധിച്ച സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കിയതായി മസ്ജിദുൽ ഹുദാ ജനറൽ സെക്രട്ടറി അഹമ്മദ് ബാവ പറഞ്ഞു.

