വിനോദയാത്രക്ക് എത്തിയ കോളജ് വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു
text_fieldsഗൗതം
മംഗളൂരു: ബംഗളൂരുവിലെ കോളജ് വിനോദയാത്ര സംഘത്തിലെ വിദ്യാർഥി ഭട്കൽ താലൂക്കിലെ മുർദേശ്വരം കടലിൽ മുങ്ങി മരിച്ചു. ബംഗളൂരു വിദ്യാസൗധ പി.യു കോളജ് ഒന്നാം വർഷ വിദ്യാർഥി ഗൗതമാണ് (17) മരിച്ചത്. വിനോദയാത്ര സംഘത്തിലെ ഗൗതമും ബംഗളൂരു സ്വദേശി ഡി. ധനുഷും ബീച്ചിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ധനുഷിനെ രക്ഷിച്ചു. വിദ്യാസൗധ കോളജിലെ 220 വിദ്യാർഥികളാണ് യാത്രക്കെത്തിയിരുന്നത്.
തിരമാലകളുടെ ശക്തിമൂലം ഇരുവരും വെള്ളത്തിൽ മുങ്ങിയതോടെ ലൈഫ് ഗാർഡും പൊലീസും ചേർന്നാണ് ധനുഷിനെ രക്ഷപ്പെടുത്തിയത്. ഗൗതമും നീന്താൻ എത്തിയവിവരം ധനുഷ് പറഞ്ഞശേഷമാണ് രക്ഷാപ്രവർത്തകർ അറിഞ്ഞത്. ഇതോടെ വിദ്യാർഥികളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോഴാണ് ഗൗതമും കടലിൽ കുളിക്കാനിറങ്ങിയത് ഉറപ്പിച്ചത്. തുടർന്ന് മുരുഡേശ്വർ എ.എസ്.ഐ രുദ്രേഷും ലൈഫ് ഗാർഡും നേത്രാണി അഡ്വഞ്ചേഴ്സ് സംഘവും തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തു. മുരുഡേശ്വർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

