രജിസ്ട്രേഷൻ വ്യക്തിവിവരങ്ങൾ ചോർത്തി പണം തട്ടുന്ന സംഘം പിടിയിൽ
text_fieldsവിവേക് കുമാർ ദീപക് കുമാർ മദൻ കുമാർ
മംഗളൂരു: ഭൂമിയുടെയും സ്വത്തുക്കളുടെയും രജിസ്ട്രേഷൻ വേളയിൽ സമർപ്പിക്കുന്ന വ്യക്തിവിവരങ്ങൾ ചോർത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന സംഘത്തെ കർണാടക പൊലീസ് ബിഹാറിൽ നിന്ന് അറസ്റ്റ് ചെയ്തു.
ബിഹാർ സുപാഉൽ ജില്ലയിലെ ദീപക് കുമാർ ഹെബ്രാൻ (33), അരാറിയ ജില്ലക്കാരായ വിവേക് കുമാർ ബിശ്വാസ് (24), മദൻ കുമാർ (23) എന്നിവരെയാണ് സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മംഗളൂരുവിൽ ആറുമാസത്തിനിടെ രജിസ്റ്റർ ചെയ്ത 10 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് ആധാറിലെ വിവരങ്ങൾ, വിരലടയാളം എന്നിവ കർണാടക വസ്തു രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽനിന്ന് ചോർത്തിയാണ് വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത്. ഇത് ഉപയോഗിച്ച് എ.ഇ.പി.എസ് (ആധാർ എനേബ്ൾഡ് പേമന്റ് സിസ്റ്റം) വഴിയാണ് ബന്ധപ്പെട്ട ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ചത്.
വിരലടയാളം സ്കാൻ ചെയ്ത് തട്ടിപ്പിന് ഉപയോഗിക്കുന്നു. 10 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 3,60,242 രൂപ സംഘം പിൻവലിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. കർണാടകയിലെ 1000ത്തിലേറെ വസ്തു രജിസ്ട്രേഷനുകളുടെയും ആന്ധ്രാപ്രദേശിലെ 300ൽലേറെ രജിസ്ട്രേഷനുകളുടെയും വിവരങ്ങൾ അടങ്ങിയ പി.ഡി.എഫ് ഫയലുകൾ ഇവരുടെ മൊബൈൽ ഫോണുകളിൽ കണ്ടെത്തി. വിദഗ്ധ പരിശോധന നടത്തും.

