ഒന്നര വർഷത്തിൽ 15,000 കുപ്പി വ്യാജ ആന്റിബയോട്ടിക്കുകൾ വിതരണം ചെയ്തു
text_fieldsമംഗളൂരു: കർണാടകയിലെ വ്യാജ മരുന്ന് റാക്കറ്റിനെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ സാവിസെഫ്റ്റ, എംബ്ലാവിയോ എന്നീ വ്യാജ ആൻറിബയോട്ടിക്കുകളുടെ 15,000 ത്തോളം കുപ്പികൾ വിതരണം ചെയ്തതായാണ് കണ്ടെത്തൽ. ആരോഗ്യ മന്ത്രിയും മംഗളൂരു എം.എൽ.എയുമായ യു.ടി. ഖാദർ വ്യാജ മരുന്ന് റാക്കറ്റിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
2025 ഏപ്രിൽ മുതൽ വ്യാജ ഔഷധ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി എസ്ഐടി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾ യഥാർഥ മരുന്നുകൾക്ക് പകരം ജനറിക് മരുന്ന് കുപ്പികളിൽ നിറച്ചതായും ഫൈസർ എന്ന പേരിലുള്ള ലേബലുകൾ ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. ഫൈസറിന് ഒരു നിർമാണ യൂനിറ്റുള്ള തുർക്കിയയിൽ നിന്നാണ് യഥാർഥ കമ്പനി ലേബലുകൾ വാങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
വ്യാജ മരുന്നുകളുടെ രാസഘടന നിർണയിക്കുന്നതിനുള്ള ലബോറട്ടറി റിപ്പോർട്ടിനായി സംഘം കാത്തിരിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കുപ്പികൾ വിതരണം ചെയ്തവരെയും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. വ്യാജ മരുന്ന് വിതരണ ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ വാങ്ങലുകൾ, വിൽപന, സ്റ്റോക്കുകൾ എന്നിവ ഉൾപ്പെടുന്നു. പ്രതികൾ ചില സ്ഥാപനങ്ങൾക്ക് മരുന്ന് വിറ്റു, ആ സ്ഥാപനങ്ങൾ പിന്നീട് അവ എവിടേക്കാണ് അയച്ചതെന്ന് സംഘം അന്വേഷിക്കുന്നു. നെറ്റ്വർക്കിന്റെ ഓരോ തലവും ഞങ്ങൾ പരിശോധനയിലാണ്.
കാൻസർ മരുന്നുകൾ വ്യാജമായി നിർമിച്ചതായി ഇതുവരെ ഒരു തെളിവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. എന്നാൽ സാധ്യതയെക്കുറിച്ച് സംഘങ്ങൾ അന്വേഷണം തുടരുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഗുരുതര ബാക്ടീരിയ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കാണ് സാവിസെഫ്റ്റ. എംബ്ലാവിയോ എന്നത് മൾട്ടിഡ്രഗ്-റസിസ്റ്റന്റ് ഗ്രാം-നെഗറ്റിവ് ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇൻട്രാവണസ് ആൻറിബയോട്ടിക്കാണ്. സാവിസെഫ്റ്റയിൽ സെഫ്റ്റാസിഡിം രണ്ട് ഗ്രാം, അവിബാക്ടം 0.5 ഗ്രാം എന്നിങ്ങനെ ഒരു വിയലിൽ അടങ്ങിയിരിക്കുന്നു, ഇതിന്റെ വില ഏകദേശം 5500 രൂപ മുതൽ 6000 രൂപ വരെയാണ്.
എംബ്ലാവിയോയിൽ അസ്ട്രിയോണം 1.5 ഗ്രാം, അവിബാക്ടം 0.5 ഗ്രാം എന്നിങ്ങനെ ഒരു വിയലിൽ അടങ്ങിയിരിക്കുന്നു, ഇതിന്റെ വില ഏകദേശം 6,000 രൂപ മുതൽ 6500 രൂപ വരെയാണ്. വ്യാജ മരുന്നുകൾ നിർമിക്കാൻ ആവശ്യമായ വസ്തുക്കൾ പ്രതികൾ കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് ബ്രാൻഡഡ് മരുന്നുകളായി വളരെ ഉയർന്ന വിലക്ക് വിറ്റതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. കുറച്ച് മാസങ്ങളായി ഈ റാക്കറ്റ് 10 കോടിയിലധികം രൂപ ലാഭം നേടിയതായാണ് സൂചന. അന്വേഷണത്തിൽ ഹൈദരാബാദ്, ചെന്നൈ, ഉത്തരാഖണ്ഡ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വ്യാജ മരുന്നുകൾ ശേഖരിച്ചതായി കണ്ടെത്തി.
ഫൈസർ ഉൽപന്നങ്ങൾ എന്ന് ലേബൽ ചെയ്ത കുപ്പികളിൽ ഈ പദാർഥം നിറച്ച് ഡിഎം ഫാർമ വഴി വിതരണം ചെയ്തതായാണ് കണ്ടെത്തൽ. ചെന്നൈയിൽ നിന്നുള്ള ബാലസുബ്രഹ്മണിയുടെയും ശിവമൊഗ്ഗയിൽ നിന്നുള്ള മെഡിക്കൽ പ്രതിനിധിയായി ജോലി ചെയ്തിരുന്ന കിംഗ്പിൻ ആർ പ്രശാന്ത് ബാബുവിന്റെ ഭാര്യ പ്രിയങ്കയുടെയും പേരിലാണ് സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.തുടർന്ന് വീരേഷ് കുമാർ ജെയിനിന്റെ ഉടമസ്ഥതയിലുള്ള കൃപ ഫാർമക്ക് മരുന്നുകൾ വിതരണം ചെയ്തുവെന്നും കണ്ടെത്തി. വ്യാജ മരുന്ന് നിർമിക്കുന്നതിനായി പ്രശാന്ത് ബിഡദിക്ക് സമീപം ഫാംഹൗസ് വാടകക്കെടുത്തതായി പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരെ എസ്ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

