തങ്ക അങ്കി ഘോഷയാത്ര ഇന്ന് ആറന്മുളയിൽനിന്നും പുറപ്പെടും
text_fieldsപത്തനംതിട്ട: മണ്ഡല പൂജക്ക് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥ ഘോഷയാത്ര വെള്ളിയാഴ്ച രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്നും പുറപ്പെടും. രാവിലെ അഞ്ചു മുതല്‍ ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ട്.
27ന് ഉച്ചക്കാണ് 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് സന്നിധാനത്ത് ശ്രീകോവിലിൽ തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ. ആദ്യദിവസം രാത്രി നെടുംപ്രയാര്‍ തേവലശ്ശേരി ദേവി ക്ഷേത്രത്തിലും രണ്ടാം ദിവസം ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലും മൂന്നാം ദിവസം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും നാലാം ദിവസം പെരുനാട് ശാസ്താ ക്ഷേത്രത്തിലുമാണ് രാത്രി വിശ്രമം.
26ന് ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പയില്‍നിന്നും പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തിച്ചേരും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി 6.30ന് ദീപാരാധന നടക്കും.

