ശബരിമല: തീർഥാടന കാലത്തിന് 20ന് സമാപനം
text_fieldsശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായ ശബരിമല ദർശനം ജനുവരി 19 ന് രാത്രി അവസാനിക്കും. അന്ന് വൈകിട്ട് ആറ് മണി വരെ മാത്രമേ ഭക്തരെ പമ്പയിൽ നിന്നും കടത്തിവിടൂ. രാത്രി 10 മണി വരെ മാത്രമാണ് ദർശനം.
ശനിയാഴ്ച രാവിലെ 10.30 വരെയാണ് നെയ്യഭിഷേകം. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും ഇന്ന് രാത്രി അവസാനിക്കും. 19ന് അത്താഴ പൂജക്ക് ശേഷം മണിമണ്ഡപത്തിന് മുന്നിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.
ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്ക ഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതോടെ തീർഥാടന കാലത്തിന് സമാപനം കുറിക്കും.

