
കളങ്കരേഖകൾ
text_fieldsസുഗ്രീവനുമായുള്ള സഖ്യമാണ് സീതാന്വേഷണത്തിന് പുതിയ വഴിത്തിരിവുണ്ടാക്കിയത്. ജ്യേഷ്ഠനായ ബാലി കിഷ്കിന്ധയിൽനിന്ന് തന്നെ ആട്ടിയോടിച്ച കഥ സുഗ്രീവൻ ശ്രീരാമനെ ധരിപ്പിച്ചു. രാജ്യം വീണ്ടെടുക്കാൻ സുഗ്രീവന് ബലവാനായ സുഹൃത്തിനെ ആവശ്യമുണ്ടായിരുന്നു. സീതയെ വീണ്ടെടുക്കാൻ അത്തരത്തിലുള്ള ബാന്ധവം രാമനും കാംക്ഷിച്ചിരുന്നു.
അതുകൊണ്ട് രണ്ടുപേരും സഖ്യം ചെയ്തു. എങ്കിലും ബാലിയെ നേരിടുന്നതിനുള്ള ശ്രീരാമെൻറ കരുത്തിലും പ്രാപ്തിയിലും സുഗ്രീവന് സംശയമുണ്ടായിരുന്നു. ബാലി വധിച്ച ദുന്ദുഭി എന്ന രാക്ഷസെൻറ ഭീമാകാര ശവശരീരം ആ മലഞ്ചെരുവിൽ ഉണങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സുഗ്രീവന് തെൻറ കരുത്തിലുള്ള വിശ്വാസം വർധിപ്പിക്കാൻ ശ്രീരാമൻ ഇടതുകാലിെൻറ പെരുവിരൽകൊണ്ട് അത് അനായാസേന തോണ്ടിയെറിഞ്ഞു. ബാലി എടുത്തെറിഞ്ഞത് പച്ചമാംസമുള്ള ശരീരമാണെന്നും അങ്ങ് മാംസമില്ലാത്ത ശരീരമാണ് വലിച്ചെറിഞ്ഞതെന്നും അതുകൊണ്ട് ഒരു സാലവൃക്ഷത്തെ പിളർന്നാൽ ബലാബലം തീർച്ചപ്പെടുത്താമെന്നും സുഗ്രീവൻ അറിയിച്ചു.
പൊടുന്നനെ ഏഴ് സാലവൃക്ഷങ്ങളെയും പർവതത്തെയും ഭൂമിയെയും ഒരൊറ്റ ബാണംകൊണ്ട് പിളർന്ന് അതിൽ നിന്നെല്ലാം പുറത്തു കടന്ന് രാമബാണം അദ്ദേഹത്തിെൻറ ആവനാഴിയിലേക്ക് തിരിച്ചെത്തി. സുഗ്രീവൻ ശ്രീരാമനിൽ പൂർണവിശ്വാസമർപ്പിച്ചത് അതിനുശേഷമാണ്.
തുടർന്ന് ബാലിയുമായി നടന്ന ഉഗ്രപോരാട്ടത്തിൽ സുഗ്രീവന് പിന്തിരിഞ്ഞോടേണ്ടി വന്നു. മറഞ്ഞുനിന്ന ശ്രീരാമന് മുഖസാമ്യമുള്ള ബാലിയെയും സുഗ്രീവനെയും തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടായിരുന്നു അത്. അടയാളമായി രാമനണിയിച്ച പൂമാല കഴുത്തിലിട്ട സുഗ്രീവനും ബാലിയും അടുത്തദിവസം വീണ്ടും ഏറ്റുമുട്ടി. അതിനിടെ ബാലിയെ രാമൻ ഒളിയമ്പയച്ചു വീഴ്ത്തി.
ഒരു തെറ്റും ചെയ്യാത്ത തന്നെ നേർക്കുനിന്ന് എതിരിടാതെ ധർമിഷ്ഠനും നീതിമാനുമെന്ന് പുകൾപെറ്റ രാമൻ ഒളിയമ്പയച്ചു വീഴ്ത്തിയതെന്തിനാണെന്ന് ബാലി ശ്രീരാമനോട് ചോദിക്കുന്നുണ്ട്. ധർമമാർഗത്തിൽനിന്ന് വ്യതിചലിച്ച് തന്നിഷ്ടം പോലെയാണ് ബാലി രാജ്യം ഭരിക്കുന്നതെന്നും കാമപൂർത്തിക്കായി സഹോദര ഭാര്യയെ ഉപയോഗിച്ചത് അധർമമാണെന്നും വധശിക്ഷയാണ് അയാൾക്ക് വിധിക്കപ്പെട്ടതെന്നും താൻ ചെയ്തത് ധർമനിർവഹണമാണെന്നും ശ്രീരാമൻ മറുപടിയേകുന്നു. ഒടുവിൽ തുളച്ചു കയറിയ അമ്പ് വലിച്ചൂരി ശ്രീരാമൻ തന്നെ ബാലിയെ യാത്രയാക്കുന്നു.
നിഷ്പക്ഷമായി വിലയിരുത്തിയാൽ ധർമനിഷ്ഠനും മര്യാദാപുരുഷോത്തമനുമായ ശ്രീരാമന് അധാർമികതയുടെയും അന്യായത്തിെൻറയും കറുത്ത പാടുകളേൽപിച്ച സംഭവമാണ് ബാലിവധം. ബാലി സൂചിപ്പിച്ചതുപോലെ ഒരു തെറ്റും ചെയ്യാത്ത, നേരിട്ടെതിർക്കാത്ത ഒരാളെ ഒളിയമ്പയച്ചു വീഴ്ത്തിയത് തീർത്തും അനീതി തന്നെയാണ്. സഹോദരന്മാരെ അനുരഞ്ജിപ്പിക്കാൻ രാമപക്ഷത്തുനിന്ന് ഒരുവിധ പരിശ്രമവും ഉണ്ടായില്ല. ശിക്ഷാധികാരം ഭരണാധികാരിക്കാണ്. മാത്രമല്ല, സഹോദരെൻറ ഭാര്യയെ ബലാൽക്കാരമായി കൈവശംവെക്കുന്നത് വധശിക്ഷക്ക് ഇടയാക്കുമെന്ന അക്കാലത്തെ വിധിന്യായമനുസരിച്ച് പരിശോധിച്ചാൽതന്നെയും ബാലിയെ വധിക്കുന്ന സമയത്ത് ഭരതനായിരുന്നു അയോധ്യ ഭരിച്ചിരുന്നത്.
ഇതൊന്നും അദ്ദേഹത്തെ അറിയിക്കാതെ, കുറ്റവാളിയെ രാജോചിതമായി വിചാരണ ചെയ്യാതെ ശിക്ഷ നടപ്പാക്കിയത് രാമനും! ബാലിക്ക് എത്ര വലിയ വരം ലഭിച്ചിട്ടുണ്ടെങ്കിലും ധാർമികവും നൈതികവുമായ നടപടിക്രമങ്ങൾക്ക് എക്കാലത്തും വലിയ പ്രാധാന്യമുണ്ട്. ബാലിവധത്തെ രാജാക്കന്മാരുടെ നായാട്ടുമായി താരതമ്യപ്പെടുത്തി ലഘൂകരിച്ചതിലും പൊരുത്തക്കേടുകളേറെയുണ്ട്.
മറ്റൊരവതാരകാലത്ത് രക്തബന്ധുക്കളായ സഹോദരന്മാരെ അനുരഞ്ജിപ്പിച്ച് യുദ്ധം ഒഴിവാക്കാൻ ദൂതിനുപോയ, ജരൻ എന്ന വേടെൻറ അമ്പേറ്റ് ദിവംഗതനാകുന്ന കൃഷ്ണനിലൂടെ മറ്റൊരു ഇതിഹാസകാരനും സ്ഥാപിക്കുന്നത് ഒരർഥത്തിൽ ബാലിവധത്തിൽ വന്ന പാളിച്ചകൾ തന്നെയാണ്.
