മസ്ജിദുൽ ഹറാമിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു
text_fieldsമക്ക മസ്ജിദുൽ ഹറാമിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിക്കുന്നു
ജിദ്ദ: മക്കയിലെ മസ്ജിദുൽഹറാമിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു. അൽഫതഹ് കവാടത്തിലെ മിനാരത്തിലാണ് അവസാനമായി ചന്ദ്രക്കല സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്. ഇതോടെ ഹറമിലെ എല്ലാ മിനാരങ്ങളിലും പുതിയ ചന്ദ്രക്കല സ്ഥാപിക്കൽ പൂർത്തിയായതായി ഇരുഹറം പരിപാലന ജനറൽ അതോറിറ്റി അറിയിച്ചു.
ആകെ 13 മിനാരങ്ങളാണ് ഹറമിലുള്ളത്. മിനാരത്തിന് 130 മീറ്ററിലേറെ നീളമുണ്ട്. ഒമ്പത് മീറ്ററാണ് ചന്ദ്രക്കലയുടെ ഉയരം. അതിന്റെ അടിഭാഗത്തിന്റെ വിതീ രണ്ട് മീറ്ററുമാണ്. എല്ലാ മിനാരങ്ങളുടെയും മുകളിൽ സുവർണ ചന്ദ്രക്കലകളാണ് സ്ഥാപിച്ചത്.
കാർബൺ ഫൈബർ കൊണ്ടാണ് ചന്ദ്രക്കല നിർമിച്ചത്. വളരെ മോടിയും ചാരുതയുമാണ് ഇതിനുള്ളത്. ചന്ദ്രക്കലയുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതിനായാണ് സ്വർണ നിറം പൂശിയത്. ഉറപ്പും ദൃഢതയും വർധിപ്പിക്കുന്നതിനായി അകം ഉയർന്ന നിലവാരത്തിലുള്ള ഇരുമ്പു കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഹറമിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാണ് മിനാരങ്ങളിൽ പുതിയ ചന്ദ്രക്കല സ്ഥാപിക്കൽ.
പുതിയ ചന്ദ്രക്കലകൾ സ്ഥാപിക്കുന്നതിെൻറ ഫോട്ടോകളും വീഡിയോകളും ജനറൽ അതോറിറ്റി ‘എക്സി’ൽ പോസ്റ്റ് ചെയ്തു. ഹറമിലെ മിനാരങ്ങൾ പൊതുവെ ഇസ്ലാമിക വാസ്തുവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളും മസ്ജിദുൽ ഹറാമിലെ ലാൻഡ്മാർക്കുകളും ആണെന്ന് ജനറൽ അതോറിറ്റി വ്യക്തമാക്കി.

