ബീമാപള്ളി ഉറൂസ് 25 മുതൽ ജനുവരി നാലുവരെ
text_fieldsതിരുവനന്തപുരം: ബീമാപള്ളി ദർഗഷെരീഫിലെ ഈ വർഷത്തെ ഉറൂസ് ഡിസംബർ 25 മുതൽ ജനുവരി നാലുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രത്യേക പ്രാർഥനകൾ, മതപ്രസംഗം, ബുർദ മജിലിസ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. 25ന് രാവിലെ എട്ടിന് ചീഫ് ഇമാം സബീർ സഖാഫി പ്രാർഥനക്ക് നേതൃത്വം നൽകും.
തുടർന്ന് പട്ടണ പ്രദക്ഷിണം. 10.30ന് നടക്കുന്ന പ്രാർഥനക്ക് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ നേതൃത്വം നൽകും. രാവിലെ 11ന് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എൽ. മുഹമ്മദ് ഇസ്മായിൽ പതാക ഉയർത്തും.
ഡിസംബർ 25 മുതൽ ജനുവരി മൂന്നുവരെ എല്ലാ ദിവസവും രാത്രി ഏഴുമുതൽ മൗലിദ്, മുനാജാത്ത്, റാത്തീബ്, ബുർദ എന്നിവ നടക്കും. മൂന്നുവരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ മതപ്രസംഗവുമുണ്ടാകും.
25ന് രാത്രി 11.30ന് സുഹൈൽ ഫൈസി കൂരാടും ജനുവരി രണ്ടിന് രാത്രി 11.30ന് ത്വാഹ തങ്ങൾ പൂക്കാട്ടൂരും റാഷിദ് ജൗഹരിയും നയിക്കുന്ന ബുർദ മജ്ലിസ്. സമാപന ദിവസമായ നാലിന് പുലർച്ച ഒന്നിന് നടക്കുന്ന പ്രാർഥനക്ക് ബീമാപള്ളി അസി. ഇമാം മാഹീൻ അബൂബക്കർ ഫൈസി നേതൃത്വം നൽകും. 1.30ന് പട്ടണ പ്രദക്ഷിണം. പുലർച്ച നാലിന് നടക്കുന്ന പ്രാർഥനക്ക് ബീമാപള്ളി ചീഫ് ഇമാം നുജുമുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനവും നടക്കും.
വാർത്തസമ്മേളനത്തിൽ ബീമാപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എൽ. മുഹമ്മദ് ഇസ്മായിൽ, ജനറൽ സെക്രട്ടറി എം.കെ.എം. നിയാസ്, വൈസ് പ്രസിഡന്റ് എ. സുലൈമാൻ, സെക്രട്ടറി അയ്യൂബ് ഖാൻ, ട്രഷറർ ഹൈദർ അലി, ഫൈനാൻസ് ചെയർമാൻ കെ. മുഹമ്മദ് ഇബ്രാഹിം, ഫൈനാൻസ് കൺവീനർ മുഹമ്മദ് ഇഖ്ബാൽ, ജോ. സെക്രട്ടറി അബ്ദുൽ റഊഫ്, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ബീമാപള്ളി റഷീദ് എന്നിവർ പങ്കെടുത്തു.
ഉറൂസിന് വിപുല ക്രമീകരണമൊരുക്കും
കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തും, ജനുവരി മൂന്നിന് കോര്പറേഷന് പരിധിയില്‍ പ്രാദേശിക അവധി
തിരുവനന്തപുരം: ഡിസംബര്‍ 25 ന് ആരംഭിക്കുന്ന ബീമാപള്ളി ഉറൂസിന്റെ ഭാഗമായി തീര്‍ഥാടകര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്താന്‍ എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ബീമാപള്ളിയിലേക്കുള്ള പ്രധാന റോഡിലെയും അനുബന്ധ റോഡുകളിലെയും അറ്റകുറ്റപ്പണി പൂര്‍ത്തിയായി വരുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേടായ വഴിവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ കെ.എസ്.ഇ.ബിയുടെയും കോര്‍പറേഷന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പ്രധാന റോഡുകളിലും ജങ്ഷനുകളിലും ബീമാപള്ളിയിലേക്കുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കും. തീര്‍ഥാടകര്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷാ കേന്ദ്രം തുറക്കും. പ്രത്യേക ആംബുലന്‍സ് സൗകര്യവുമുണ്ടാകും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പൂവാര്‍, കിഴക്കേക്കോട്ട, തമ്പാനൂര്‍ ഡിപ്പോകളില്‍നിന്ന് കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വിസുകള്‍ നടത്തും.
തീര്‍ഥാടകരുടെ പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യമൊരുക്കും. ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് വിന്യാസം നടത്തും. കണ്ട്രോള് റൂമും തുറക്കും. ഉത്സവകാലയളവില്‍ മാലിന്യനീക്കമുറപ്പാക്കാന് കോര്‍പറേഷന്റെ നേതൃത്വത്തില്‍ പ്രത്യേക ഡ്രൈവ് നടത്തും. ഹരിതചട്ടം പാലിച്ചാണ് ഉറൂസ് നടത്തുക.
ഉറൂസ് പ്രമാണിച്ച് ജനുവരി മൂന്നിന് തിരുവനന്തപുരം കോര്പറേഷന് പരിധിയില്‍ പ്രാദേശിക അവധി നല്‍കും. യോഗത്തില്‍ എ.ഡി.എം അനില്‍ ജോസ്, ജമാഅത്ത് ഭാരവാഹികള്‍, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

