വൃക്കരോഗം മറന്ന് രണ്ടുവയസ്സുകാരന്റെ ചാണക്യൻ വേഷം
text_fieldsലോക വൃക്കദിനത്തിൽ എസ്.എ.ടി ആശുപത്രിയിലെ ചടങ്ങിനിടെ ചാണക്യവേഷത്തിൽ രാമേശ്വർ
മെഡിക്കൽ കോളജ്: ലോക വൃക്കദിനത്തിൽ എസ്.എ.ടി ആശുപത്രിയിൽ രോഗികൾക്ക് ആശ്വാസം പകർന്ന് രാമേശ്വറിന്റെ ചാണക്യൻ വേഷം. വൃക്കരോഗം വാധിച്ച ഈ രണ്ട് വയസ്സുകാരൻ മാതാവിന്റെ ഒക്കത്തിരുന്നാണ് സ്റ്റേജിലെത്തിയത്. വൃക്ക മാറ്റിവെക്കൽ ചികിത്സ ആവശ്യമായ 36 കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് തൃശൂർകാരനായ ഈ രണ്ട് വയസ്സുകാരൻ. ഡയാലിസിസിന്റെ ഭാഗമായാണ് രാമേശ്വർ ഇപ്പോൾ ആശുപത്രിയിലുള്ളത്.
എസ്.എ.ടി ആശുപത്രിയിൽ നടന്ന ലോക വൃക്ക ദിനാചരണത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ രാമേശ്വർ അടക്കം നിരവധി കുട്ടികൾ വേദന മറന്നെത്തിയത് അവരുടെ മാതാപിതാക്കൾക്കൊപ്പമാണ്. രാമേശ്വറിനെകൂടാതെ ഐവാൻ, ജാനകി, അയാൻ, അഞ്ജന തുടങ്ങി നിരവധി പേർ പ്രച്ഛന്നവേഷം അവതരിപ്പിച്ച് കൈയടി നേടി.
ആശുപത്രി റിക്രിയേഷൻ ഹാളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഡോ. പി. കല കേശവൻ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. എസ്. ബിന്ദു, പീഡിയാട്രിക് -നെഫ്രോളജി വിഭാഗം മേധാവി ഡോ. സൂസൻ ഉതുപ്പ് , ഡോ. ബീന ഉണ്ണികൃഷ്ണൻ, ഡോ. എസ്. സേതുനാഥ്, ഡോ. എ.എസ്. അജിത് കൃഷ്ണൻ, ഡോ. ഷീല ബാലകൃഷ്ണൻ, ഡോ. മേരി ഐപ്പ്, അമ്പിളി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

