ഒരു ബ്രസീലിയൻ മൊട്ടഗാഥ
text_fieldsപന്തയത്തിൽ മൊട്ടയടിച്ച കുഞ്ഞുമുഹമ്മദിന് മധുരം നൽകുന്ന അർജൻറീന ആരാധകരും നാട്ടുകാരും
കോട്ടക്കൽ: അർജന്റീന ലോകകപ്പിൽ മുത്തമിട്ടതോടെ പന്തയം വെച്ചവർ ശരിക്കും വെട്ടിലായി. എന്നാൽ, വാക്കിനെക്കാൾ വലുതല്ല മറ്റൊന്നും എന്ന് തെളിയിച്ചിരിക്കുകയാണ് എടരിക്കോട്ടെ ഓട്ടോ ഡ്രൈവറായ ബ്രസീൽ ആരാധകൻ. ഒറ്റത്തെങ്ങ് സ്വദേശിയായ പറമ്പിൽ കുഞ്ഞുമുഹമ്മദാണ് തല മൊട്ടയടിച്ച് വാക്കുപാലിച്ചത്. സുഹൃത്തും നാട്ടുകാരനുമായ ഓലപ്പുലാൻ ഫൈസലുമായിട്ടായിരുന്നു പന്തയം.
വാക്കുപാലിച്ചെത്തിയ ഇദ്ദേഹത്തെ അർജന്റീന ആരാധകനായ നൗഷാദ് ഓത്തുപള്ളിയുടെ നേതൃത്വത്തിൽ മധുരം നൽകിയാണ് ആരാധകരും നാട്ടുകാരും വരവേറ്റത്. മത്സരം ആവേശമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് അർജൻറീന ജയിച്ചതെന്നുമാണ് കുഞ്ഞുമുഹമ്മദിന്റെ പക്ഷം. ബ്രസീൽ വിട്ടൊരു കളിയുമില്ല.
സൗഹാർദത്തിന്റെ ഭാഗമായാണ് പന്തയം വെച്ചതെന്നും കട്ട പിന്തുണയുമായി ഒപ്പമുണ്ടെന്നും അർജൻറീന ആരാധകർ പറയുന്നു. പരാജയപ്പെട്ടെങ്കിലും ബ്രസീലിനോടുള്ള ഇഷ്ടം നിലനിർത്തി തല മൊട്ടയടിച്ച് വാക്കുപാലിച്ച കുഞ്ഞുമുഹമ്മദ് നാട്ടിൽ താരമായിരിക്കുകയാണ്.

