ആയുർദൈർഘ്യ പരീക്ഷണങ്ങൾ
text_fieldsആയുസ്സിനെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ സമസ്യക്ക് ഉത്തരമാവുകയാണോ? ആയുസ്സ് വർധിപ്പിക്കാനുള്ള മരുന്നുകൾ വികസിപ്പിക്കാനുള്ള ഗവേഷകരുടെ ശ്രമങ്ങൾ ഫലം കാണുകയാണെന്നാണ് റിപ്പോർട്ടുകൾ.
ആയുസ്സ് കൂട്ടാൻ വികസിപ്പിച്ചെടുത്ത ഒരു മരുന്നിന്റെ പരീക്ഷണം മൃഗങ്ങളിൽ വിജയിച്ചിരിക്കുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ആയുസ്സ് 25 ശതമാനമാണത്രെ കൂടിയത്. എം.ആർ.സി ലബോറട്ടറി ഓഫ് മെഡിക്കൽ സയൻസ്, ലണ്ടനിലെ ഇംപീരിയൽ കോളജ്, സിംഗപ്പൂരിലെ ഡ്യൂക്ക്-എൻ.യു.എസ് മെഡിക്കൽ കോളജ് എന്നിവർ സംയുക്തമായി നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. പരീക്ഷണഫലം ‘നേച്ചർ’ മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശരീരത്തിൽ ഇന്റർല്യൂകിൻ-11 എന്ന പ്രോട്ടീനാണ് പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ വേഗത്തിലാക്കുന്നത്. ഇത് തുടക്കത്തിൽ ശരീരത്തിന്റെ വളർച്ചക്ക് ആവശ്യമാണ്. വളർച്ച പൂർത്തിയായാൽ പ്രോട്ടീൻ ആവശ്യമില്ലതാനും. അപ്പോൾ പൂർണ വളർച്ചയെത്തിയശേഷം ഈ പ്രോട്ടീൻ ഉൽപാദിപ്പിക്കാതിരുന്നാൽ ‘പ്രായംകൂടുക’ എന്ന പ്രക്രിയയുടെ വേഗവും കുറയും. ഇതാണ് പരീക്ഷണത്തിന് ആധാരമാക്കിയ തത്ത്വം. അത്തരത്തിൽ എലികളുടെ ജനിതകഘടനയിൽ മാറ്റംവരുത്താനാണ് പരീക്ഷണ ഘട്ടത്തിൽ ശാസ്ത്രജ്ഞർ ശ്രമിച്ചത്. 75 ആഴ്ച പ്രായമായശേഷം പ്രോട്ടീൻ ഉൽപാദനത്തിന്റെ വേഗം കുറക്കാനുള്ള മരുന്ന് ദിവസേന നൽകുകയുമായിരുന്നു. മരുന്ന് നൽകിയ എലികൾ നൽകാത്തവയെക്കാൾ ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂടിയവരാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇവർക്ക് അർബുദത്തെ അതിജീവിക്കാനും സാധിച്ചു. ഇത് മനുഷ്യരിലും പരീക്ഷിച്ചു. എന്നാൽ, ഫലം വ്യക്തമാകാൻ ഇനിയും സമയമെടുക്കും. ഇത്തരത്തിലുള്ള മരുന്ന് ഉപയോഗം മനുഷ്യരിൽ എന്തൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നതും നിർണായകമാണ്.

