Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്തോഷക്കണ്ണീരിൽ അശ്വതി; ലുലു ഗ്രൂപ്പ് പ്രതിനിധികളെത്തി വീടിന്റെ താക്കോൽ കൈമാറി

text_fields
bookmark_border
Yusuf Ali pays off loan
cancel
camera_alt

വീടിന്റെ താക്കോൽ ഏറ്റുവാങ്ങുന്ന അശ്വതിയും കുടുംബവും

കണ്ണൂർ: എങ്ങിനെ നന്ദി പറയണമെന്നറിയാതെ സന്തോഷം കൊണ്ട് അശ്വതിയുടെ കണ്ണ് നിറഞ്ഞു... വാക്കുകൾ ഇടറി... തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് അധികൃതർ അടച്ചു പൂട്ടി സീൽ ചെയ്ത സ്വന്തം വീടിന്റെ താക്കോൽ വിറക്കുന്ന കൈകളോടെ അവർ ഏറ്റുവാങ്ങി. ആറുമാസത്തോളമായി വീടിനോട് ചേർന്ന ഒറ്റമുറി ഷെഡിൽ ദുരിതജീവിതം നയിച്ച കുടുംബം വീണ്ടും സ്വന്തം വീട്ടിലേക്ക് കാലെടുത്തുവെച്ചു...

വായ്പാ കുടിശ്ശിക ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി അടച്ചുതീർത്തതോടെയാണ് മുൻ സംസ്ഥാന ത്രോബോൾ താരം അശ്വതിക്കും ​ കുടുംബത്തിനും വീട് തിരിച്ചുകിട്ടിയത്. പലിശയും കൂട്ടുപലിശയും ഉൾപ്പെടെ 34,53,387 രൂപയുടെ മുഴുവൻ വായ്പാ കുടിശ്ശികയും യൂസുഫലി അടച്ചു തീർത്തു. ഇന്ന് രാവിലെ ഏഴുമണിയോടെ ലുലു ഗ്രൂപ്പ് പ്രതിനിധികൾ നേരിട്ടെത്തിയാണ് വീടിന്റെ താക്കോൽ കൈമാറിയത്. വീട് ജപ്തി ചെയ്ത തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് അധികൃതരും സി.പി.എം നേതാവ് ടി.വി. രാജേഷ് അടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു.

രണ്ട് പിഞ്ചുകുഞ്ഞുങ്ങളും രോഗികളായ കുടുംബാംഗങ്ങളുമൊത്ത് ദുരിതത്തിൽ കഴിയുന്ന അശ്വതിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് യൂസുഫലി സഹായവുമായി എത്തിയത്. ലണ്ടനിൽനിന്നുള്ള യാത്രയ്ക്കിടെ വാർത്ത കണ്ട അദ്ദേഹം, ജപ്തി നടപടി ഒഴിവാക്കാൻ കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ലുലു ഗ്രൂപ്പ് മീഡിയ മാനേജർ എൻ.ബി. സ്വരാജിന് വാട്സാപ്പ് സന്ദേശമയക്കുകയായിരുന്നു. ബാങ്ക് ബാധ്യത മുഴുവൻ തീർത്ത് അശ്വതിയെയും കുടുംബത്തെയും അന്നുതന്നെ വീട്ടിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു നിർദേശം. തുടർന്ന് ഇന്നലെ ഉച്ചയോടെ 34,53,387 രൂപയുടെ കുടിശ്ശിക മുഴുവനായി അടച്ചുതീർത്തു. ബാങ്കിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വീട് കുടുംബത്തിന് കൈമാറുകയായിരുന്നു.

ഏഴുവർഷത്തോളം കേരളത്തിനുവേണ്ടി ദേശീയ ത്രോബോൾ മത്സരങ്ങളിൽ കളിച്ച താരമാണ് അശ്വതി. സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി ഭർതൃമാതാവ് സുനില സ്വന്തം ഭൂമിയുടെ പ്രമാണം പണയപ്പെടുത്തി തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്കിൽനിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ വീടുപണി പൂർത്തിയാകുംമുമ്പേ കുടുംബത്തെ ദുരിതങ്ങൾ ഒന്നൊന്നായി വേട്ടയാടി.

ഭർതൃപിതാവ് തോമസ് വിഷം തീണ്ടി അബോധാവസ്ഥയിലായതോടെ കുടുംബത്തിന്റെ സ്ഥിതി മോശമായി. വൃക്കരോഗിയായ സുനിലയ്ക്കും ജോലിക്ക് പോകാൻ കഴിയാതെയായി. ഇതിനിടെ ഭർത്താവ് നിതിൻ ജോലിസ്ഥലത്തുവച്ച് വീണ് കാലൊടിഞ്ഞതോടെ വരുമാനമാർഗവും അടഞ്ഞു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം രൂപയുടെ കടം പലിശയും കൂട്ടുപലിശയും ചേർന്ന് 34 ലക്ഷത്തിലേറെയായി. ഒടുവിൽ ബാങ്ക് വീട് ജപ്തി ചെയ്തു.

ജപ്തി നടപടികൾക്കിടെ വീട്ടിനുള്ളിലെ സാധനങ്ങൾപോലും പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ കുടുംബം വീടിനോട് ചേർന്നുള്ള ഒറ്റമുറി ഷെഡിലേക്ക് താമസം മാറ്റി. ആറുപേർക്ക് കഴിയാൻ ആകെയുണ്ടായിരുന്നത് ഒരു കട്ടിൽ മാത്രമായിരുന്നു. ദിവസവും ഇൻസുലിൻ ഉപയോഗിക്കേണ്ട സുനിലയുടെ മരുന്നുകൾ സൂക്ഷിക്കാനുള്ള ഫ്രിഡ്ജും കുഞ്ഞുങ്ങളുടെ ഭക്ഷണവും വസ്ത്രങ്ങളുമെല്ലാം വീട്ടിനുള്ളിൽ കുടുങ്ങി.

ആറുവയസ്സുകാരി ആകൃതയും രണ്ടുവയസ്സുകാരി ആമിയും ഉൾപ്പെടെയുള്ള കുടുംബത്തിന് സുരക്ഷിതമായൊരു വീടെന്നത് അകന്ന സ്വപ്നമായി. അടച്ചുറപ്പില്ലാത്ത ഷെഡിൽ രാത്രിയിൽ മാറിമാറി കാവൽനിന്നായിരുന്നു കുടുംബം ഉറങ്ങിയിരുന്നത്. രോഗവും സാമ്പത്തിക പ്രതിസന്ധിയും ഭക്ഷണത്തിനുള്ള ബുദ്ധിമുട്ടുകളും ഒരുപോലെ അലട്ടിയപ്പോഴും കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു അശ്വതി. സഹായം തേടി പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നായിരുന്നു പരാതി.

ഇതിനിടെ 35 സെന്റ് സ്ഥലവും വീടും ലേലം ചെയ്യാനുള്ള നടപടികളിലേക്ക് ബാങ്ക് കടന്നതോടെ ഷെഡിലെ താമസവും നഷ്ടപ്പെടുമെന്ന ആശങ്കയിലായി കുടുംബം. ആറുമാസത്തോളമായി കണ്ണീരിലും അനിശ്ചിതത്വത്തിലും കഴിഞ്ഞ അശ്വതിക്കും കുടുംബത്തിനും യൂസുഫലിയുടെ ഇടപെടൽ വലിയ ആശ്വാസമായി. വായ്പാ ബാധ്യത മുഴുവനായി തീർത്ത് വീട് തിരിച്ചുനൽകിയതോടെ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്കും രോഗികളായ കുടുംബാംഗങ്ങൾക്കും സുരക്ഷിതമായൊരു മേൽക്കൂരയെന്ന സ്വപ്നവും യാഥാർഥ്യമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yussuf Ali pays off loan, Ashwathi gets house back
Next Story