ഇടുക്കിയിൽ ഭാര്യയെ മർദിച്ച ഭർത്താവ് സ്വയം വെടിവച്ചു മരിച്ചു
text_fieldsവെടിയേറ്റ സന്തോഷ്
പരിക്കേറ്റ ശ്രീജ
നെടുങ്കണ്ടം: കുഴിത്തൊളുവിൽ പോസ്റ്റ് ഓഫിസ് ജീവനക്കാരിയായ ഭാര്യയെ ഓഫിസിൽനിന്ന് വലിച്ചിറക്കി കമ്പിപ്പാരക്ക് തലക്കടിച്ചശേഷം ഭർത്താവ് സ്വയം വെടി ഉതിർത്ത് ജീവനൊടുക്കി. കമ്പംമെട്ട് നെറ്റിത്തൊഴു കരോട്ട് മഴുവന്‍ചേരില്‍ സന്തോഷ് (42) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭാര്യ ശ്രീജ (38) കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുഴിത്തൊളു പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു ശ്രീജ. ഓഫിസ് തുറന്നതിന് പിന്നാലെ സന്തോഷ് ഇവിടെ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ശ്രീജയെ പോസ്റ്റ് ഓഫിസിന് പുറത്തേക്ക് വലിച്ചിറക്കിയശേഷം കൈയിൽ കരുതിയ കമ്പിവടി ഉപയോഗിച്ച് സന്തോഷ് ആക്രമിക്കുകയായിരുന്നു.
അടിയേറ്റ് ശ്രീജക്ക് തലക്കും കൈക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും സന്തോഷ് പോക്കറ്റില്‍ കരുതിയിരുന്ന കൈത്തോക്ക് പുറത്തെടുത്തതോടെ പിന്മാറി. തുടർന്ന് കൈത്തോക്ക് ഉപയോഗിച്ച് ചെവിക്ക് പിന്നില്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് രണ്ടുവർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസും കോടതിയിൽ നിലനിൽക്കുന്നുണ്ട്. ശ്രീജയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് സന്തോഷ് പോസ്റ്റ് ഓഫിസിൽ എത്തിയതെന്നാണ് നിഗമനം. സന്തോഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കമ്പംമെട്ട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. സന്തോഷിന് ലൈസൻസില്ലാത്ത റിവോൾവർ ലഭിച്ചതിനെ കുറിച്ചടക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

