പപ്പടത്തല്ലിൽ ഓഡിറ്റോറിയത്തിന് നഷ്ടം ഒന്നര ലക്ഷം രൂപ!
text_fieldsഹരിപ്പാട്: വിവാഹസദ്യക്കിടയിൽ പപ്പടത്തെ ചൊല്ലിയുണ്ടായ കൂട്ടത്തല്ലിൽ ഓഡിറ്റോറിയം ഉടമക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ. ട്രോളുകളും കമൻറുകളുംകൊണ്ട് വൈറലായ പപ്പടത്തല്ല് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നതിനിടെയാണ് നഷളടകടകണക്ക് പുറത്തുവന്നത്.
തല്ലുകിട്ടിയതിന് പുറമെയാണ് ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതെന്ന് ഉടമ പറഞ്ഞു. ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് സംഭവം. വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കൾ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. ഈ സമയത്ത് ഉണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്.
സാധനസാമഗ്രികൾ നശിപ്പിച്ച വകയിൽ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് ഉടമ മുരളീധരൻ കരീലക്കുളങ്ങര പൊലീസിൽ മൊഴി നൽകിയത്. സംഭവത്തിൽ മറ്റു രണ്ടുപേർക്ക് കൂടി പരിക്കേറ്റിരുന്നു. കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിൽ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

