വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരത്തിന്റേത് സുപ്രധാന പദവികൾ നേടിയെടുക്കാനുള്ള സമ്മർദതന്ത്രം
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുന്നി കാന്തപുരം വിഭാഗം യു.ഡി.എഫിനെതിരെ ഉയർത്തുന്നത് സമ്മർദതന്ത്രം. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അനുനയ നിലപാട് സ്വീകരിച്ചിട്ടും കേരള മുസ്ലിം ജമാഅത്ത് ഒക്ടോബർ 22ന് സെക്രട്ടേറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും ബഹുജന മാർച്ച് പ്രഖ്യാപിച്ചത് ഈയൊരു ലക്ഷ്യം കൂടി മുൻനിർത്തിയാണ്. കഴിഞ്ഞ ഇടത് സർക്കാറിന്റെ കാലത്ത് കാന്തപുരം വിഭാഗം കൈയാളിയിരുന്നത് പോലെ സുപ്രധാന പദവികൾ നേടിയെടുക്കുകയെന്ന ഉദ്ദേശ്യം ഈ നീക്കത്തിന് പിന്നിലുണ്ട്.
രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവയുടെ അധ്യക്ഷ സ്ഥാനങ്ങളിൽ കാന്തപുരത്തിന്റെ നോമിനികളാണ് നിയമിക്കപ്പെട്ടത്. വിവരാവകാശ കമീഷണറും ന്യൂനപക്ഷ കമീഷൻ അംഗവും കാന്തപുരം നിർദേശിച്ച ആളുകളായിരുന്നു. എൽ.ഡി.എഫ് ഭരണത്തിൽ ഇതര മുസ്ലിം സംഘടനകൾക്കൊന്നും കിട്ടാത്ത പരിഗണനയാണ് കാന്തപുരത്തിന് ലഭിച്ചിരുന്നത്.
ഇടതിന്റെ കാലത്തെ രണ്ട് വഖഫ് ബോർഡുകളിലും കാന്തപുരത്തിന്റെ പ്രതിനിധികളുണ്ടായിരുന്നു. ടി.കെ. ഹംസ അധ്യക്ഷനായി രൂപവത്കരിച്ച വഖഫ് ബോർഡിൽ മുതവല്ലി ക്വാട്ടയിലും എം.പി, എം.എൽ.എ ക്വാട്ടകളിലും തെരഞ്ഞെടുക്കപ്പെട്ടാണ് ലീഗ് പ്രതിനിധികൾ സ്ഥാനം പിടിച്ചത്. തുടർന്ന് കെ.എസ്. ഹംസ അധ്യക്ഷനായി നിലവിൽ വന്ന ബോർഡിൽ ലീഗിൽനിന്ന് ഒരാൾപോലും ഉണ്ടായിരുന്നില്ല.
ഇപ്പോൾ, വഖഫ് ബോർഡുമായി ബന്ധപ്പെട്ട് സുന്നി കാന്തപുരം വിഭാഗം പ്രക്ഷോഭരംഗത്തിറങ്ങുന്നത്, കിട്ടാവുന്ന പരമാവധി സ്ഥാനങ്ങൾ യു.ഡി.എഫിൽനിന്ന് നേടിയെടുക്കുക എന്ന നിലക്ക് കൂടിയാണെന്ന് ആക്ഷേപമുണ്ട്.
പ്രതിഷേധം ടീം യു.ഡി.എഫിനോടാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ തെരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാക്ക് പാലിച്ചില്ലെന്നും കേരള മുസ്ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്ലിയാർ ആരോപിച്ചു. അതേസമയം, തിങ്കളാഴ്ച ചേർന്ന മുസ്ലിംലിഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ കാന്തപുരത്തിന്റെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങരുതെന്ന പൊതുവികാരമാണ് ഉയർന്നത്.

