വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരം വിഭാഗത്തിന്റെ കലക്ടറേറ്റ് മാർച്ച് മാറ്റിവെച്ചു; മന്ത്രി എൻ. ഷംസുദ്ദീൻ മർകസിൽ നേരിട്ടെത്തി
text_fieldsകോഴിക്കോട്: വഖഫ് ബോർഡിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനെത്തുടർന്ന് കാന്തപുരം വിഭാഗം പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾക്ക് അയവുവരുന്നു. ഇതിന്റെ ഭാഗമായി മന്ത്രി എൻ. ഷംസുദ്ദീൻ കാരന്തൂർ മർകസിൽ നേരിട്ടെത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. വഖഫ് ബോർഡിൽ സംഘടനയ്ക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് മന്ത്രി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
ബോർഡ് പുനഃസംഘടനയിൽ എ.പി. വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് വലിയ ചർച്ചയായിരുന്നു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അനുയോജ്യമായ പരിഹാരം കാണുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു. കാന്തപുരം വിഭാഗവുമായുള്ള ചർച്ച സൗഹൃദപരമായിരുന്നുവെന്നും ആരെയും ബോധപൂർവം ഒഴിവാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സാഹചര്യം കൊണ്ട് ഉണ്ടായ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഈ മാസം 22-ന് നടത്താൻ നിശ്ചയിച്ചിരുന്ന കലക്ടറേറ്റ് മാർച്ച് മാറ്റിവെച്ചതായി കാന്തപുരം വിഭാഗം നേതാവ് വണ്ടൂർ അബ്ദുറഹിമാൻ ഫൈസി അറിയിച്ചു. മന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം മാറ്റിവെക്കുന്നതെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം സംബന്ധിച്ച് സർക്കാർ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി യോജിച്ച് പോകുന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും അർഹമായ സ്ഥാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലാണ് തർക്കങ്ങൾക്ക് പരിഹാരമാകുന്നതിൽ നിർണായകമായത്. മുഖ്യമന്ത്രിയുടെ സമവായ ഫോർമുല പ്രകാരം തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി വഖഫ് ബോർഡംഗത്വം ഒഴിയുകയും, പകരം കാന്തപുരം വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്യും. ഇതിന്റെ ഭാഗമായി കാന്തപുരം വിഭാഗത്തിന്റെ കൈവശമുള്ള ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം അവർ ഒഴിഞ്ഞുകൊടുക്കുകയും, തുടർന്ന് തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ ആ സ്ഥാനത്തേക്ക് പരിഗണിക്കുകയും ചെയ്യും.
ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ എ.പി. വിഭാഗം കോഴിക്കോട്ട് യോഗം ചേരുകയും നേതാക്കൾ കാന്തപുരവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട്. വഖഫ് വിഷയത്തിൽ സമവായമായെന്നും, പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുത്തി എല്ലാവരെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. ചില കാറ്റഗറി അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങൾ കാരണമാണ് ആദ്യഘട്ടത്തിൽ എല്ലാവരെയും ഉൾപ്പെടുത്താൻ സാധിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഒരു വിഭാഗത്തെയും മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും കാന്തപുരം വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.

