വാളയാർ പീഡന കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള സർക്കാർ അപ്പീലിൽ വിധി ഇന്ന്
text_fieldsകൊച്ചി: വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്.
പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതി ഉത്തരവ് ചോദ്യം െചയ്ത് സർക്കാറും കുട്ടികളുടെ മാതാവും നൽകിയ ഹരജികളിലാണ് ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറയുന്നത്. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും ശക്തമായ തെളിവുകൾ പരിഗണിക്കാതെയാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്.
വാളയാറിൽ 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു.

