രാവിലെ ഏഴുന്നേൽക്കാൻ വൈകിയതിന് മകളെ അച്ഛൻ വെട്ടി; കൈവിരൽ അറ്റുതൂങ്ങി
text_fieldsകറുകച്ചാൽ: രാവിലെ എഴുന്നേൽക്കാൻ വൈകിയതിന് മകളെ വെട്ടിപ്പരിക്കേൽപിച്ച പിതാവ് അറസ്റ്റിലായി. കറുകച്ചാൽ പച്ചിലമാക്കൽ മാവേലിത്താഴെയിൽ രഘു (48) ആണ് അറസ്റ്റിലായത്. വാക്കത്തികൊണ്ട് വെട്ടേറ്റ 17കാരിയുടെ തലക്ക് സാരമായി പരിക്കേറ്റു. ഇതോടൊപ്പം കൈവിരൽ മുറിഞ്ഞുതൂങ്ങുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു സംഭവം. മകൾ എഴുന്നേൽക്കാൻ താമസിച്ചുവെന്ന് കാണിച്ച് പ്രതി റൂമിലെത്തി വഴക്കുണ്ടാക്കുകയായിരുന്നു. വാക്കത്തിയുമായെത്തിയ രഘു തുടർന്ന് മകളുടെ തലയിൽ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മകൾ നിലവിളിച്ചതിനെത്തുടർന്ന് രഘു വീണ്ടും െവട്ടി. വെട്ട് തടയാൻ ശ്രമിച്ച വേളയിലാണ് വലതു കൈവിരലിലെ മോതിരവിരൽ മുറിഞ്ഞുതൂങ്ങിയത്.
സംഭവ സമയം ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ നിലയിൽ സമീപത്തെ വീട്ടിലെത്തിയ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

