വീണക്കും പാർട്ടിക്കും തിരിച്ചടി; അറിയേണ്ടത് ആരുടെ തിരക്കഥയെന്ന്
text_fieldsവീണ ജോർജ്
കണ്ണൂർ: മന്ത്രിയായിരിക്കെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിന് മർദനമേറ്റുവെന്നത് ആരുണ്ടാക്കിയ തിരക്കഥയെന്നതാണ് എട്ടുമാസങ്ങൾക്കിപ്പുറവും ഉയരുന്ന ചോദ്യം. സംഭവം നടന്ന് മിനിറ്റുകൾക്കകം ഉയർന്ന അതേ ചോദ്യമാണ് ഇപ്പോൾ എസ്.ഐ.ടി റിപ്പോർട്ടിലൂടെ ആവർത്തിക്കുന്നത്. എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയ പോലെ ആയുധങ്ങളുമായി കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിച്ച ദൃശ്യമൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 55 സി.സി.ടി.വികളിലും ആക്രമണ ദൃശ്യം പതിഞ്ഞിട്ടില്ല. വധശ്രമമടക്കം ചുമത്തി കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേരെയാണ് 16 ദിവസം ജയിലിലിടച്ചത്. ആയുധങ്ങൾ ഉപയോഗിച്ചതിന് തെളിവില്ലാത്തതിനാൽ എഫ്.ഐ.ആറില്‍ ചുമത്തിയ വധശ്രമം പിന്നീട് കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു.
മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത വന്നശേഷം കണ്ണൂരിൽ ഉൾപ്പെടെ വ്യാപക ആക്രമണമാണ് അരങ്ങേറിയത്. കോൺഗ്രസ് ഓഫിസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. ഫെബ്രുവരി 25ന് ഉച്ചക്കുശേഷമുള്ള വന്ദേഭാരതിൽ കയറാനാണ് വീണാ ജോർജ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മന്ത്രിക്കെതിരെ കണ്ണൂരിൽ വ്യാപകമായി നടന്ന കരിങ്കൊടി പ്രതിഷേധമാണ് റെയിൽവേ സ്റ്റേഷനിലും തുടർന്നത്.
മൂന്നാം പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ് കഴുത്തിന് വേദനയുണ്ടെന്ന് അവിടെയുണ്ടായിരുന്ന അന്നത്തെ സ്പീക്കർ എ.എൻ. ഷംസീറിനോട് വീണ പറഞ്ഞത്. ഷംസീറാണ് മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന് പുറംലോകത്തെ അറിയിച്ചതും. മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ചതും ആ ഫോൺ വീണക്ക് കൈമാറിയതും ഷംസീർ. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചതും ഷംസീർ.
വീണയുടെ കഴുത്തുവരെ എത്തിയ കരിങ്കൊടിയുടെ ദൃശ്യങ്ങളാണ് സി.പി.എം നേതാക്കൾ അന്ന് പുറത്തുവിട്ടത്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മന്ത്രിയുടെ ഗൺമാൻ കൊട്ടാരക്കര സ്വദേശി എം.എസ്. അഭിലാഷിന്റെ വസ്ത്രമായിരുന്നു അത്. കെ.എസ്.യു പ്രവർത്തകർ ആരും മന്ത്രിയെ തൊട്ടില്ലെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘കൊല്ലെടാ’ എന്നാക്രോശിച്ച് വീണക്ക് നേരെ എന്തോ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് അന്ന് അഭിലാഷ് നൽകിയ പരാതി.
ആയുധമുപയോഗിച്ച് മർദിച്ചത് കണ്ടില്ലെന്നാണ് അതേ അഭിലാഷ് ഇപ്പോൾ എസ്.ഐ.ടിക്ക് നൽകിയ മൊഴി. താനൊന്നും കണ്ടില്ലെന്നും എല്ലാം ഗൺമാനാണ് കണ്ടതെന്നുമാണ് വീണയുടെ മൊഴി. ഇരുവരും കൈയൊഴിഞ്ഞതോടെ അക്രമകഥ ഏറക്കുറെ കൈവിട്ടിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് എസ്.ഐ.ടി റിപ്പോർട്ട് നൽകിയതോടെ കേസിന്റെ ഗതി ഊഹിക്കാം. പക്ഷേ, എന്തിനായിരുന്നു ആ തിരക്കഥ, ആരൊക്കെയാണ് പിന്നിൽ എന്ന് ആർക്കറിയാം.
പ്രതികൾക്കെതിരായ വകുപ്പുകൾ നിലനിൽക്കില്ല –എസ്.ഐ.ടി
മുൻമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികൾക്കെതിരെ ചുമത്തിയ കലാപ ശ്രമം, തടഞ്ഞുവെക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, റെയില്‍വേ പരസിരത്ത് അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നും അത്തരം കുറ്റങ്ങൾ പ്രതിഷേധക്കാര്‍ ചെയ്തിട്ടില്ലെന്നും എസ്.ഐ.ടി മേധാവി യു. പ്രേമൻ കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ റിപ്പോർട്ടിലുണ്ട്. ആരോഗ്യവകുപ്പിലെ വീഴ്ച ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധം മാത്രമാണ് നടന്നതെന്നും കരിങ്കൊടി കാണിക്കുന്നത് കുറ്റകൃത്യമല്ലെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടി.
ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതിന് തെളിവില്ലാത്തതിനാൽ എഫ്.ഐ.ആറില്‍ ചുമത്തിയ വധശ്രമം ആദ്യ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. കരിങ്കൊടി വീശിയ പ്രതിഷേധക്കാരെ പൊലീസ് തടയുകയാണുണ്ടായത്. മന്ത്രിയെ തടഞ്ഞു വെക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. പ്ലാറ്റ് ഫോം ടിക്കറ്റെടുത്താണ് പ്രതിഷേധക്കാര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയതെന്നും അതിനാല്‍ അതിക്രമിച്ച് കയറിയെന്ന കുറ്റം നിലനില്‍ക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണമാറ്റം വന്നതോടെയാണ് കേസന്വേഷിക്കാൻ സർക്കാർ എസ്.ഐ.ടിയെ നിയോഗിച്ചത്. എസ്.ഐ.ടി റിപ്പോർട്ട് നേരത്തേ ഡി.ജി.പിക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് കോടതിയിലും സമർപ്പിച്ചത്. കേസിൽ കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡന്റ് ഉൾപ്പെടെ അഞ്ചുപേർ 16 ദിവസം റിമാൻഡിലായിരുന്നു. എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ കോടതി തുടര്‍ നടപടി സ്വീകരിക്കും.

