ഡോ. വി. വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൻ
text_fieldsകൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെ.ബി.എഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സനായി മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ നിയമിച്ചു. ഓണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ. വി. വേണു ട്രസ്റ്റിനെ അറിയിച്ചതിനെത്തുടർന്ന് ഈ മാസം 21 മുതലാണ് നിയമനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി-മുസ്രിസ് ബിനാലെ പ്രസിഡൻറുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു.
ഫൗണ്ടേഷനും കേരള സർക്കാറും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. വേണു ആദ്യ പതിപ്പ് മുതൽ കൊച്ചി-മുസ്രിസ് ബിനാലെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തുടർന്നുള്ള പതിപ്പുകളിലും ബിനാലെ ഫൗണ്ടേഷന് അദ്ദേഹം മാർഗനിർദേശങ്ങൾ നൽകിയിരുന്നു. ഡോ. വേണു ഡൽഹിയിലെ നാഷനൽ മ്യൂസിയത്തിന്റെ ഡയറക്ടർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്.

