'എൻഡോസൾഫാൻ ദുരിതബാധിതർക്ക് എത്ര കിട്ടിയാലും മതിയാവില്ല'; വിവാദ പരാമർശവുമായി ഉദുമ എം.എൽ.എ
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തി ഇടത് എം.എൽ.എ വെട്ടിൽ. ദുരിതബാധിതർക്ക് 'എത്ര കിട്ടിയാലും മതിയാവില്ലെന്നാണ്' ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു നടത്തിയ വിവാദ പരാമർശം.
എൻഡോസൾഫാൻ ഇരകളുടെ ചികിത്സ സംബന്ധിച്ച് ദയാബായി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന നിരാഹാരം സംബന്ധിച്ച് സ്വകാര്യ ടി.വി ചാനലിൽ നടത്തിയ ചർച്ചയിലാണ് എം.എൽ.എയുടെ വിവാദ പരാമർശം.
ദുരിതബാധിതർക്ക് മംഗളൂരുവിലും പരിയാരത്തും ചികിത്സയില്ലേ, കാസർകോട് മെഡിക്കൽ കോളജ് ഉണ്ടല്ലോ, നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടല്ലോ തുടങ്ങിയ കാര്യങ്ങൾക്കുശേഷമാണ് എത്ര കിട്ടിയാലും മതിയാവില്ലെന്ന പരാമർശം കൂടി നടത്തിയത്.
എം.എൽ.എയുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അദ്ദേഹത്തിന്റെ വീട്ടിലേക്കും എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രവർത്തകർ ചട്ടഞ്ചാലിലെ എം.എൽ.എ ഓഫിസിലേക്കും മാർച്ച് നടത്തി. കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പ്രകടനം നടത്തും. ബി.ജെ.പിയും എം.എൽ.എക്കെതിരെ രംഗത്തുവന്നു.

