പി.എംശ്രീ പുകയുന്നു; സംസ്ഥാനത്ത് ബുധനാഴ്ച യു.ഡി.എസ്.എഫ് വിദ്യാഭ്യാസ ബന്ദ്
text_fieldsതിരുവനന്തപുരം: പി.എംശ്രീ വിദ്യാഭ്യാസ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ചതോടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി വിദ്യാർഥി സംഘടനകൾ. ബുധനാഴ്ച സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സമ്പൂർണ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
അതേസമയം, പി.എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ ശക്തമായ നടപടികളിലേക്ക് സി.പി.ഐ കടക്കുകയാണ്.
ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കും. നേരത്തെ സി.പി.എം സമവായത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. പിന്നാലെ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. എന്നാൽ ഈ യോഗത്തിലും പദ്ധതിയിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. നാല് സി.പി.ഐ മന്ത്രിമാരും മറ്റന്നാളത്തെ യോഗത്തിൽനിന്ന് വിട്ടുനിൽക്കും.
ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പി.എം ശ്രീയുമായി ബന്ധപ്പെട്ട ഫയലുകൾ ഉദ്യോഗസ്ഥ തലത്തിൽ നീക്കുന്നത് സാവധാനത്തിലാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പദ്ധതി നടപ്പാക്കേണ്ട സ്കൂളുകളുടെ പട്ടിക ഉടൻ കൈമാറില്ല. വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം ലഭിച്ച ശേഷമേ ഉദ്യോഗസ്ഥർ പട്ടിക കൈമാറൂ. സംസ്ഥാനത്തിന് പണം നഷ്ടമാകാത്ത രീതിയിലും ഇടത് മുന്നണിയുടെ ആശയം ബലികഴിപ്പിക്കാതെ പി.എം ശ്രീ പദ്ധതി എങ്ങനെ നടപ്പാക്കാമെന്ന സാധ്യത ചർച്ച ചെയ്യും. ശേഷം പി.എം ശ്രീയെ കുറിച്ച് പഠിക്കുന്നതിന് എൽ.ഡി.എഫിൽ സബ്കമ്മിറ്റി രൂപീകരിക്കും. ഈ സബ് കമ്മിറ്റിയായിരിക്കും തുടർനടപടികൾ ഏത് വിധത്തിൽ വേണമെന്ന് നിർദേശിക്കുക.
നേരത്തെ പി.എം ശ്രീ വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നിലപാട് മയപ്പെടുത്താത്ത പ്രതികരണമാണ് ബിനോയ് വിശ്വവും സി.പി.ഐ മന്ത്രിമാരും നടത്തിയത്. ചർച്ചയുടെ വാതിൽ എൽ.ഡി.എഫിൽ എപ്പോഴും തുറന്നു കിടപ്പുണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ഇടത് മുന്നണിയിലെ പാർട്ടികളാണ് സി.പി.ഐയും സി.പി.എമ്മും. അതിനാൽ, മുഖ്യമന്ത്രി വിളിച്ചാൽ വിഷയം ചർച്ച ചെയ്യും. ചർച്ചയുടെ എല്ലാ വാതിലും എൽ.ഡി.എഫിൽ ഉണ്ടാകും. എൽ.ഡി.എഫ് എൽ.ഡി.എഫ് ആണെന്നും ആശയ അടിത്തറയും രാഷ്ട്രീയ അടിത്തറയും ഉണ്ട്. അതുകൊണ്ട് പരസ്പര ബന്ധങ്ങളുണ്ട്. ചർച്ചകളുണ്ടാകുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഫ്രറ്റേണിറ്റി വിദ്യാഭ്യാസ ബന്ദ് ബുധനാഴ്ച
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ നിന്ന് കേരളം പിന്മാറുക, എൻ.ഇ.പി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല എന്നീ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻറ് ബുധനാഴ്ച (ഒക്.29) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് നഈം ഗഫൂർ അറിയിച്ചു.
പി.എം ശ്രീയിൽ ചേരുന്നത് വിദ്യാലയങ്ങളെ സംഘ്പരിവാർവത്ക്കരിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടക്ക് തലവെച്ചുകൊടുക്കലാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ പോലും തടഞ്ഞുവെച്ച് ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെയും ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
സംസ്ഥാനത്തിനും കേന്ദ്രത്തിനും ഒരു പോലെ അവകാശമുള്ള ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തിനെ കേന്ദ്രത്തിൻ്റെ അധികാര പരിധിയിലാക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനോടനുബന്ധിച്ചാണ് വിദ്യാഭ്യാസ നയത്തെ അടിച്ചേൽപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ തടഞ്ഞുവെക്കുന്നതും പി.എം ശ്രീയിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും.
വിദ്യാഭ്യാസ ഫണ്ടുകളും മറ്റും തരില്ലെന്ന കേന്ദ്ര സർക്കാറിൻ്റെ തിട്ടൂരത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. കുട്ടികൾക്ക് അവകാശപ്പെട്ട 1466 കോടി രൂപ വെറുതെ എന്തിനാ കളയുന്നത് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ വങ്കത്തരം മാത്രമാണ്. ഇങ്ങനെയാണേൽ കേന്ദ്രം 2000 കോടി തരാമെന്ന് പറഞ്ഞാൽ സംസ്ഥാന സർക്കാർ പൗരത്വ ഭേദഗതി നിയമവും നടപ്പിലാക്കാൻ തയ്യാറാകുമോ?. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന നിരക്കിൽ കേരളത്തിലെ മുന്നൂറിൽപരം സ്കൂളുകളെ കേന്ദ്രത്തിന്റെ രാഷ്ട്രീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കുന്നത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ദൂരവ്യാപക പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുക. പി.എം ശ്രീ വഴി വിദ്യാഭ്യാസ രംഗത്തെ സംഘ്പരിവാറിന് തീറെഴുതിക്കൊടുക്കുന്ന ഏർപ്പാടിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിട്ടുനിൽക്കുകയും സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനെ നിയമപരമായി നേരിടുയും ചെയ്യണം.
ഗവർണറുടെ സംഘ്പരിവാർ നയങ്ങൾക്കെതിരെ കേരളത്തിലുടനീളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുള്ള എസ്.എഫ്.ഐ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സർക്കാറിന്റെയും പ്രത്യക്ഷത്തിൽ തന്നെയുള്ള ഈ സംഘ്പരിവാർ വിധേയത്വത്തിന് മുന്നിൽ കാണിക്കുന്ന ബോധപൂർവമായ മൗനത്തെ കേരളത്തിലെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ ചൂണ്ടിക്കാട്ടി.

