ലോട്ടറിയുടെ പകർപ്പ് ഉപയോഗിച്ച് പണംതട്ടിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsസുബിന്, അനീഷ്
കട്ടപ്പന: സമ്മാനർഹമായ ലോട്ടറി ടിക്കറ്റിന്റെ പകർപ്പ് നിർമിച്ച് ഏജൻസികളിൽനിന്ന് പണം തട്ടിയ രണ്ടുപേർ അറസ്റ്റിൽ. ബാലഗ്രാം സ്വദേശികളായ കണ്ണങ്കേരില്‍ സുബിന് (35), മണിമന്ദിരത്തില്‍ അനീഷ്(41) എന്നിവരാണ് പിടിയിലായത്.
ചുവന്ന സ്വിഫ്റ്റ് കാറിൽ എത്തിയ മൂവർ സംഘമാണ് തട്ടിപ്പിന് ശ്രമിച്ചത്. കേസിൽ ഒരാളെക്കൂടി പിടികൂടാനുണ്ട്. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യപ്ലസ് ലോട്ടറിയുടെ പകർപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നറുക്കെടുപ്പിൽ 5000 രൂപ സമ്മാനം ലഭിച്ച ലോട്ടറിയുടെ വിവിധ സീരിയസുകളിൽ ഫോട്ടോകോപ്പി സൃഷ്ടിച്ചശേഷം വിവിധ ഏജൻസിയിലെത്തി ലോട്ടറി അടിച്ചെന്ന് തെറ്റിദ്ധാരിപ്പിച്ച് പണം തട്ടുകയായിരുന്നു.
4851നമ്പറിൽ അവസാനിക്കുന്ന ലോട്ടറിയുടെ പകർപ്പുകളാണ് സംഘം നിർമിച്ചത്. അതോടൊപ്പം കട്ടപ്പനയിലെ ഏജൻസിയുടെ സീലും നിർമിച്ചായിരുന്നു തട്ടിപ്പ്. കട്ടപ്പനയിലെ രണ്ട് ഏജൻസിയിലും നെടുങ്കണ്ടത്തും തൂക്കുപാലത്ത് രണ്ട് ഏജൻസിയിലുമാണ് സംഘമെത്തി പണം തട്ടിയത്.
സംഭവത്തിൽ വിവിധ മേഖലകളിലെ ഏജൻസികൾ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർ പൊലീസ് കസ്റ്റഡിയിലായത്.

