'അവന്റെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിച്ചിതറും'... ടി.പി.യുടെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്
text_fieldsകോഴിക്കോട്: ആർ.എം.പി.ഐ സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരന്റെ മകൻ അഭിനന്ദിനെയും സംസ്ഥാന സെക്രട്ടറി എൻ. വേണുവിനെയും വധിക്കുമെന്ന് കാണിച്ച് കെ.കെ. രമ എം.എൽ.എയ്ക്ക് ഭീഷണിക്കത്ത്. കഴിഞ്ഞ ദിവസമാണ് എം.എൽ.എ ഓഫിസിന്റെ വിലാസത്തിൽ കത്ത് ലഭിച്ചത്. ഇത് സംബന്ധിച്ച് റൂറൽ എസ്.പിയ്ക്ക് പരാതി നൽകി. അഭിനന്ദിനെ മൃഗീയമായി കൊല്ലുമെന്നാണ് കത്തിലെ വരികൾ.അഭിനന്ദിന്റെ തല തെങ്ങിൻ പൂക്കുല പോലെ ചിതറും. എ.എൻ. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർ.എംപി.ക്കാർ പങ്കെടുക്കരുതെന്നും എൻ. വേണുവിനെ അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്തിൽ പറയുന്നു. റെഡ് ആർമി, പി.ജെ ബോയ്സ് എന്ന പേരിലാണ് കത്ത് അയച്ചിട്ടുള്ളത്.
'സി.പി.എമ്മിനെതിരെ മാധ്യമങ്ങളിൽ ചർച്ചയ്ക്കു വന്നാൽ ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി തീർത്തതു പോലെ 100 വെട്ടുവെട്ടി തീർക്കും. കെ.കെ.രമയുടെ മകൻ അഭിനന്ദിനെ അധികം വളർത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡിൽ ചിന്നിച്ചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങൾ ആ ക്വട്ടേഷൻ എടുത്തത്. ഒഞ്ചിയം പഞ്ചായത്ത് മുൻ പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാർട്ടിക്ക് തരണ്ട. അത് വടകര ചെമ്മരത്തൂരിലെ സംഘമാണ് ചെയ്തത്. അവർ ചെയ്തതു പോലെയല്ല ഞങ്ങൾ ചെയ്യുക. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചയിൽ ആർ.എംപി.ക്കാരെ കാണരുത്''– കത്തിൽ എഴുതിയതിങ്ങനെ.
2012 ൽ ടി.പി കൊല്ലപ്പെടുന്നതിന് മുൻപും ഒഞ്ചിയം ഏരിയയിലെ സി.പി.എം നേതാക്കൾ ഇതേ വാചകങ്ങൾ നാടുനീളെ പരസ്യമായി പ്രസംഗിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് നടക്കുന്ന സ്വർണക്കടത്ത്, പെൺവാണിഭ, കൊലപാതക കൂട്ടുകെട്ടുകളെ അതിനിശിതമായി എൻ. വേണുവും കെ.കെ. രമയും വിമർശിക്കുന്നതുൾപ്പെടെ ഈ കത്തിനു പ്രേരണയായിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് ആർ.എം.പി.ഐ.
കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയിൽ നിന്നാണ് കത്ത് വന്നിട്ടുള്ളത്. വധഭീഷണിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

