പി.സി. ചാക്കോ വന്നത് മുതൽ എൻ.സി.പിക്ക് നാശം; രൂക്ഷ വിമർശനവുമായി തോമസ് കെ. തോമസ് എം.എൽ.എ
text_fieldsആലപ്പുഴ: എൻ.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോക്കെതിരെ രൂക്ഷവിമർശനവുമായി തോമസ് കെ. തോമസ് എം.എൽ.എ. പി.സി. ചാക്കോ വന്നതു മുതൽ എൻ.സി.പിക്ക് കഷ്ടകാലവും നാശവുമാണ്. കഴിവില്ലെങ്കിൽ ഇട്ടിട്ടുപോകണം. ശരദ് പവാറാണ് അദ്ദേഹത്തെ പാര്‍ട്ടി അധ്യക്ഷനായി നിയോഗിച്ചത്. ആ നിലക്കാണ് ഞങ്ങള്‍ മാനിച്ചത്. എന്നാല്‍, പാര്‍ട്ടിയില്‍ വന്ന് കഴിഞ്ഞശേഷം തന്നിഷ്ടം പോലെയാണ് പ്രവര്‍ത്തനമെന്നും .
ഒരുമനുഷ്യനും സന്തുഷ്ടനല്ല. ഇപ്പോൾ ഫണ്ട് പിരിവ് നടത്തുകയാണ്. തോമസ് ചാണ്ടി ഒരുഫണ്ട് പിരിവും നടത്താതെയാണ് എല്ലാകാര്യങ്ങളും നടത്തിയത്. താൻ ശരദ് പവാറിന്റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയുമെന്ന് പറഞ്ഞ് വിരട്ടുന്നത് ശരിയല്ല. കുട്ടനാട് സീറ്റ് ഇല്ലാതാക്കാനാണ് ചാക്കോയുടെ ലക്ഷ്യം.
ചാക്കോ വന്നത് മുതല്‍ ഈ പാര്‍ട്ടിയില്‍ സമാധാനമില്ല. ഏകാധിപത്യ ശൈലിയാണ്. ആലപ്പുഴയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ചാക്കോ ജില്ല പ്രസിഡന്റിനെ നിയോഗിച്ചത്. ഇത് എം.എല്‍.എക്ക് പണിതരാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

