ചൂട് കൂടി; ഒമ്പതുകോടി യൂനിറ്റ് കടന്ന് പ്രതിദിന വൈദ്യുതി ഉപഭോഗം
text_fieldsമൂലമറ്റം: അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുതിച്ചുയർന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള (24 മണിക്കൂർ) കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം ഒമ്പതുകോടി ഒരുലക്ഷത്തിൽപരം യൂനിറ്റാണ് (9,01,15,400). കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിൽ 20 ലക്ഷം യൂനിറ്റിന്റെ വർധനയാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
2023 ഏപ്രിൽ 19ലെ വൈദ്യുതി ഉപഭോഗമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്നത്. ഇത് 102.99 ദശലക്ഷം യൂനിറ്റായിരുന്നു. അതിനുമുമ്പ് 2022 ഏപ്രിലിൽ 92.88 ദശലക്ഷം യൂനിറ്റായിരുന്നു. ഓരോ വർഷവും മുൻവർഷത്തെ അപേക്ഷിച്ച് ഉപഭോഗത്തിൽ ശരാശരി 10 ശതമാനത്തിന്റെ വർധന ഉണ്ടാകാറുണ്ട്. ഒമ്പതുകോടി യൂനിറ്റ് വൈദ്യുതി കേരളം ഉപയോഗിച്ചപ്പോൾ 7.4 കോടി യൂനിറ്റ് വൈദ്യുതിയാണ് പുറംസംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയത്. 1.5 കോടി യൂനിറ്റ് വൈദ്യുതി ആഭ്യന്തര ഉൽപാദനത്തിൽനിന്നാണ്.

