പ്ലസ് വണ്‍ പരീക്ഷക്ക് അനുമതി; കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ ഓഫ്ലൈനായി നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. സംസ്ഥാന സർക്കാറിന്റെ ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധിയുണ്ടായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
ഏഴ് ലക്ഷം പേര് ഓഫ്ലൈനായി നീറ്റ് പരീക്ഷ എഴുതിയത് പരാമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരീക്ഷ നടത്താൻ അനുമതി നൽകിയത്. സംസ്ഥാന സർക്കാറിന്റെ വിശദീകരണം തൃപ്തികരമാണെന്ന് കോടതി പറഞ്ഞു. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ പരീക്ഷ നടത്തുമെന്നും പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അണുനശീകരണം നടത്തുമെന്നും ചോദ്യപേപ്പറുകൾ നേരത്തെ തന്നെ സ്കൂളുകളിൽ എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നതെന്നും നാലര ലക്ഷത്തോളം വിദ്യാർഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ സുരക്ഷിതമായി എഴുതിയിട്ടുണ്ടെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. പ്ലസ് വൺ പരീക്ഷ നടത്തിപ്പ് നിയമക്കുരുക്കിൽ അകപ്പെട്ടതോടെ സംസ്ഥാനത്തെ നാലു ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ. സെപ്റ്റംബർ ആറിന് ആരംഭിക്കാനിരുന്ന പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.

