‘ഡാ കൊച്ചെർക്കാ, ഞാൻ പ്രവോക്ക്ഡ് ആയാൽ നീ മുള്ളിപ്പോകും...’ -ജോജു ജോർജ് ഭീഷണിപ്പെടുത്തിയെന്ന് യുവാവ്
text_fieldsകഴിഞ്ഞ ദിവസം റിലീസായ ‘പണി’ സിനിമയെ വിമർശിച്ച തന്നെ നടൻ ജോജു ജോർജ് ഭീഷണിപ്പെടുത്തിയതായി ഗവേഷക വിദ്യാർഥി. ആദർശ് എച്ച്.എസ് എന്ന യുവാവാണ് ഇക്കാര്യം ജോജു ജോർജ് ഫോണിൽ വിളിച്ച വോയ്സ് റെക്കോഡ് സഹിതം പങ്കുവെച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
‘നിനക്ക് ധൈര്യമുണ്ടോ ഡാ എന്റെ മുന്നിൽ വരാൻ... പത്തിരുപത് കോടി ചെലവാക്കിയ പടത്തിനെതിരെ നീ എഴുതി വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.... ഡാ കൊച്ചെർക്കാ, ഞാൻ പ്രവോക്ക്ഡ് ആയാൽ നീ മുള്ളിപ്പോകും....’ -എന്നെല്ലാം ജോജു പറയുന്നതായി ആദർശ് ഫേസ്ബുക്കിൽ പങ്കുവെച്ച വോയ്സ് റെക്കോഡിലുണ്ട്.
യുവാവിന്റെ പോസ്റ്റ് വൈറലായതോടെ, പ്രതികരണവുമായി നടൻ രംഗത്തെത്തി. രണ്ട് വർഷത്തെ അധ്വാനമാണ് ആ സിനിമയെന്ന് വിഡിയോ സന്ദേശത്തിൽ ജോജു പറഞ്ഞു. എന്റെ സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം. ഞാൻ അയാളെ വിളിച്ച് സംസാരിച്ചു. സംസാരിച്ചതെല്ലാം തന്നെ സത്യമാണ്. എനിക്ക് കിട്ടിയ രേഖകൾ വെച്ച് ഞാൻ നിയമപരമായി മുന്നോട്ടു പോകും. എനിക്ക് ഇദ്ദേഹത്തോട് വൈരാഗ്യം തോന്നാൻ മുൻപരിചയമൊന്നുമില്ല. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നത് കാണുമ്പോഴുള്ള ദേഷ്യവും പ്രയാസവും എനിക്ക് തോന്നുന്നുണ്ട്. അതിന് ഞാൻ പ്രതികരിക്കും -ജോജു പറഞ്ഞു.

