വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
text_fieldsനാദാപുരം: വാണിമേൽ പുഴയുടെ ഭാഗമായ വിഷ്ണുമംഗലം പുഴയിൽ കുളിക്കാനിറങ്ങിയ അറബിക് കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. ഒപ്പം അപകടത്തിൽപെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ചെക്യാട് മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹമൂദിന്റ മകൻ സഹൽ (15) ആണ് മുങ്ങിമരിച്ചത്. സഹലിന്റെ സമീപവാസി തയ്യുള്ളതിൽ അജ്മലിനെ (22) നാട്ടുകാർ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ജാമിഅ ഹാഷിമിയ അറബിക് കോളജിൽ രണ്ടാംവർഷ വിദ്യാർഥിയായിരുന്നു സഹൽ.
ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ബക്രീദിന്റെ ഭാഗമായി നടന്ന ബലികർമത്തിനുശേഷം കുളിക്കാനായി പതിമൂന്നംഗ സംഘം വിഷ്ണുമംഗലം പുഴയിലെ കൊയിലോത്ത് പാറക്കു സമീപമുള്ള കടവിൽ എത്തിയതായിരുന്നു. ഇതിനിടയിൽ രണ്ടുപേരും ശക്തമായ ചുഴിയിൽ അകപ്പെടുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഫയർഫോഴ്സും നാട്ടുകാരും ഏറെ പണിപ്പെട്ട് രക്ഷാദൗത്യത്തിൽ പങ്കാളികളായി. അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ സഹലിന്റ മൃതദേഹം 4.15 ഓടെയാണ് കണ്ടെത്തിയത്. മുമ്പും ഇവിടെ അപകട മരണം സംഭവിച്ചിരുന്നു. മഹ്മൂദ്-ഹൈറുന്നിസ ദമ്പതികളുടെ മകനാണ് സഹൽ. മിസ്ഹബ്, മിൻഹാജ്, ഫൈസാൻ എന്നിവർ സഹോദരങ്ങളാണ്.

