സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ: കൊച്ചിയിലെ ഹോട്ടൽ പൂട്ടിച്ചു
text_fieldsകൊച്ചി: വിനോദസഞ്ചാരത്തിനെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണം വാങ്ങിയ ഹോട്ടൽ ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടിച്ചു.
എറണാകുളം കോമ്പാറയിലെ ‘വില്ലീസ് കിച്ചൺ’ ഹോട്ടലിനെതിരെയാണ് നടപടി. ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഉടമ എൻ.ജെ. മരിയക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതർ പറഞ്ഞു.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കാരുണ്യ തീരം സ്പെഷൽ സ്കൂളിൽനിന്ന് കൊച്ചിയിൽ വിനോദയാത്രക്കെത്തിയ 85 പേർക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 104 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ബുധനാഴ്ച ഉച്ചക്കുള്ള വെജിറ്റേറിയൻ ഭക്ഷണം ‘വില്ലീസ് കിച്ചണി’ൽ നിന്നാണ് ഇവർ ഓഡർ ചെയ്തത്. വൈകുന്നേരം ഛർദിയെത്തുടർന്ന് കുട്ടികളെയും ജീവനക്കാരെയും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ ചികിത്സയിലിരുന്നവർ ആശുപത്രി വിട്ടു.

