അഭയ കേസ്: ഹരജി വേനലവധിക്ക് ശേഷം പരിഗണിക്കും
text_fieldsപ്രതികളായ സിസ്റ്റർ സെഫി, ഫാദർ തോമസ് എം. കോട്ടൂർ, കൊല്ലപ്പെട്ട സിസ്റ്റർ അഭയ
കൊച്ചി: അഭയ കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നും മൂന്നും പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാ. തോമസ് കോട്ടൂരും നൽകിയ ഹരജികൾ ഹൈകോടതി വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. മതിയായ തെളിവുകളില്ലാതെയാണ് കോടതി ശിക്ഷ വിധിച്ചതെന്നും വസ്തുതകൾ വിലയിരുത്തുന്നതിൽ കോടതിക്ക് പിഴവുണ്ടായെന്നും ചൂണ്ടിക്കാട്ടി ഇരുവരും നൽകിയ ഹരജികളാണ് ഡിവിഷന് ബെഞ്ച് മാറ്റിയത്.
കോട്ടയം പയസ് ടെൻത് കോൺവൻറ് അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992ൽ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ േകസിൽ ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവും ശിക്ഷയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി 2020 ഡിസംബർ 23ന് വിധിച്ചത്.
ഡിസംബർ 23ന് ശിക്ഷ പ്രഖ്യാപിച്ചതു മുതൽ ഇരുവരും ജയിലിലാണ്. ശിക്ഷ മരവിപ്പിക്കണമെന്ന ഹരജിയിൽ കോടതി സി.ബി.ഐയുടെ വിശദീകരണം തേടിയിട്ടുണ്ട്. ഇരുവരും നൽകിയ അപ്പീലുകളും കോടതിയുടെ പരിഗണനയിലുണ്ട്.

