പി.വി. അന്‍വറിന് കെട്ടിവെക്കാനുള്ള തുക കവളപ്പാറ ദുരന്തബാധിതരുടെ വക
text_fieldsനിലമ്പൂര്‍ നിയോജക മണ്ഡലം ഇടത് സ്ഥാനാര്‍ഥി പി.വി. അന്‍വറിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ചിരക്കാട്ടില് അബ്ബാസ് കൈമാറുന്നു
എടക്കര: നിലമ്പൂര്‍ മണ്ഡലം ഇടത് സ്ഥാനാര്‍ഥി പി.വി. അന്‍വറിന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള പണം നല്കി കവളപ്പാറ ദുരന്തബാധിതര്‍.
കവളപ്പാറ മുത്തപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരും ഉടയവരും നഷ്ടമായ 24 കുടുംബങ്ങളാണ് നിലവിലെ എം.എല്‍.എ കൂടിയായ പി.വി. അന്‍വറിന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയത്.
ദുരന്തമുഖത്ത് താങ്ങും തണലുമായി ഓടിനടന്ന് സകലതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനം നല്കിയ എം.എല്‍.എയോടുള്ള നന്ദിസൂചകമായാണ് പണം നല്കാന് ഇവര്‍ തയാറായത്.
കവളപ്പാറ ദുരന്തബാധിതര്‍ക്കായി ഞെട്ടിക്കുളത്ത് വീടുകളുടെ നിര്‍മാണം നടക്കുന്നിടത്ത് നടന്ന ചടങ്ങില്‍ കാരണവരായ ചിരക്കാട്ടില് അബ്ബാസ് പി.വി. അന്‍വറിന് തുക കൈമാറി.
സി.പി.എം ലോക്കല്‍ സെക്രട്ടറി പി. ഷെഹീര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിദ്യാ രാജന്, ബ്ലോക്ക് പഞ്ചായത്തംഗം പാര്‍ലി സോമന്, സന്തോഷ് കപ്രാട്ട്, എം.എ. തോമസ്, മിനി വെട്ടുകാട്ടില്‍, ജെയിംസ് കോശി എന്നിവരും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.

