ക്ഷേത്ര മതിലില്‍ എസ്.ഡി.പി.െഎ എന്ന് എഴുതി; കലാപത്തിനുള്ള ശ്രമമെന്ന് സംശയം
text_fieldsവെഞ്ഞാറമൂട്: വാമനപുരം കണിച്ചോട് ഭഗവതി ക്ഷേത്ര മതിലില്‍ എസ്.ഡി.പി.ഐ എന്ന് എഴുതിയ നിലയില്‍. സ്ഥലത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കത്തിെൻറ ഭാഗമെന്ന് സംശയം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ചുവരെഴുത്ത് കാണപ്പെട്ടത്. ജനവാസമേഖലയായ കണിച്ചോട് ഭാഗത്ത് ആരുടെയും കണ്ണില്‍പെടാതെ പകല്‍ ചുവരെഴുത്തു നടത്തി എന്ന കാര്യത്തിലാണ് നാട്ടുകാരുടെ സംശയം.
ഇത് സംബന്ധിച്ച് ക്ഷേത്ര ഭാരവാഹികള്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷണം വേണമെന്ന് ഭാരവാഹികള്‍
വെഞ്ഞാറമൂട്: വാമനപുരം കണിച്ചോട് ഭഗവതി ക്ഷേത്ര മതിലില്‍ എസ്.ഡി.പി.ഐ എന്ന് എഴുതിയ നിലയില്‍ കണ്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി. എസ്.ഡി.പി.ഐ വാമനപുരം നിയോജക മണ്ഡലം പ്രസിഡൻറ് ഖാലിദ് പാങ്ങോട് ആണ് വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകിയത്.
പ്രദേശത്ത് പാര്‍ട്ടിക്ക് പ്രവര്‍ത്തകരോ പഞ്ചായത്ത് കമ്മിറ്റി പോലുമോ നിലവിലില്ല. ഈ സാഹചര്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ പേര് ക്ഷേത്ര മതിലില്‍ എഴുതി വര്‍ഗീയകലാപമുണ്ടാക്കാനുള്ള ആരുടെയോ നീക്കത്തിെൻറ ഭാഗമാണിതെന്ന് സംശയമുണ്ടെന്ന് പരാതിയില്‍ പറയുന്നു.

