വിവരാവകാശം: ഇ-മെയിൽ അപേക്ഷക്ക് മറുപടി നൽകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
text_fieldsപെരിന്തൽമണ്ണ: ഇ-മെയിൽ വഴി അപേക്ഷിച്ചതിനാൽ വിവരാവകാശ നിയമപ്രകാരം മറുപടി നൽകാൻ നിർവാഹമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന് കീഴിലെ കമ്പ്യൂട്ടർ സെൽ. മിക്ക സർക്കാർ ഓഫിസുകളും ഇ-മെയിൽ വഴിയുള്ള അപേക്ഷക്ക് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധാത്മക നിലപാടെടുത്തത്. എഴുത്തായോ ഇലക്ട്രോണിക് മാധ്യമം വഴിയോയുള്ള അപേക്ഷ ഇംഗ്ലീഷിലോ ഹിന്ദിയിലോ പ്രാദേശിക ഭാഷയിലോ നൽകാമെന്ന് വിവരാവകാശ നിയമം ചട്ടം 6(1) വ്യക്തമാക്കുന്നുണ്ട്.
മലപ്പുറം ചീനിക്കത്തോട്ടിൽ നേരത്തേ രൂപപ്പെട്ട വെള്ളക്കെട്ട് നീക്കാൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് നൽകിയ പരാതി പൊതുഭരണ വകുപ്പിലേക്ക് നൽകിയിരുന്നു. ഇതിന്റെ വിവരങ്ങളാണ് 2022 ജൂൺ എട്ടിന് ഇ-മെയിൽ വഴി തേടിയത്. കൈമാറിയ പകർപ്പ്, തീയതി, കൈമാറിയ രൂപം എന്നിവ നേരിട്ടോ തപാൽ വഴിയോ മെയിൽ വഴിയോ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്നാണ് അപേക്ഷകൻ മുഹമ്മദ് ഇബ്രാഹീം ആവശ്യപ്പെട്ടത്. മറുപടി ലഭിക്കാതായതോടെ തിരുവനന്തപുരത്ത് നേരിട്ടെത്തി 2022 ഡിസംബറിൽ അപ്പീലും നൽകി.
വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന അപേക്ഷ ബന്ധപ്പെട്ട ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് നേരിട്ടോ തപാൽ മുഖേനയോ ആണ് നൽകേണ്ടതെന്നും ഇ-മെയിൽ മുഖേന സ്വീകരിക്കില്ലെന്നുമാണ് ജോയന്റ് സെക്രട്ടറി റോബർട്ട് ഫ്രാൻസിസ് ഒപ്പുവെച്ച മറുപടിയിൽ അറിയിച്ചത്. ഇക്കാര്യം അറിയിച്ച് അപ്പീൽ തീർപ്പാക്കുകയും ചെയ്തു. പരാതി പരിഹാരസെല്ലും പൊതുഭരണ വകുപ്പുമെല്ലാം മുഖ്യമന്ത്രിക്ക് കീഴിലാണ്. പരാതിക്കാരനെ കേൾക്കാതെ അപ്പീൽ തീർപ്പാക്കിയതും ഇ-മെയിൽ വഴി അപേക്ഷ സ്വീകരിക്കില്ലെന്ന് മറുപടി നൽകിയതും വിവരാവകാശ നിയമപ്രകാരം ചട്ടവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

