കടയടപ്പ് സമരത്തില്‍നിന്ന് റേഷൻവ്യാപാരികള്‍ പിന്മാറി, സെക്രേട്ടറിയറ്റ് മാർച്ച് നടത്തും
text_fieldsതിരുവനന്തപുരം: ഒരുവിഭാഗം റേഷന്‍വ്യാപാരികള്‍ ഒക്ടോബര്‍ 16ന് നടത്താനിരുന്ന കടയടപ്പ് സമരത്തില്‍നിന്ന് പിന്മാറി. റേഷന്‍ വ്യാപാരി സംഘടനകളുമായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിർദേശം നല്കി.
അതേസമയം, കടയടപ്പിൽനിന്ന് മാത്രമേ സംഘടനകൾ പിന്മാറിയിട്ടുള്ളൂവെന്നും 16ന് നിശ്ചയിട്ടുള്ള സെക്രേട്ടറിയറ്റ് മാർച്ചും ധർണയുമായി മുന്നോട്ടുപോകുമെന്നും റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വേതന പാക്കേജ്, കിറ്റ് കമീഷൻ കാര്യത്തിലൊന്നും സർക്കാറിൽ നിന്ന് ഉറപ്പുലഭിച്ചിട്ടില്ലെന്നും സംഘടനാപ്രതിനിധികൾ അറിയിച്ചു.
യോഗത്തില്‍ സിവില്‍ സപ്ലൈസ് കമീഷണര്‍ ഡി. സജിത് ബാബു, സമരസമിതിയെ പ്രതിനിധീകരിച്ച് ജോണി നെല്ലൂര്‍, കൃഷ്ണപ്രസാദ്, മുഹമ്മദാലി, കാരേറ്റ് സുരേഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

