താരങ്ങൾ പ്രതിഫലം കുറച്ചില്ലെങ്കിൽ ഷൂട്ടിങ്ങിന് അനുമതിയില്ലെന്ന് നിർമാതാക്കൾ
text_fieldsകൊച്ചി: കോവിഡ് സാഹചര്യത്തിൽ താരങ്ങൾ പ്രതിഫലം കുറക്കാൻ തയാറായില്ലെങ്കിൽ സിനിമ ചിത്രീകരണത്തിന് അനുമതി നൽകില്ലെന്ന് നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്കക്ക് കത്ത് ഇവർ നൽകി.
ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളും സാങ്കേതികപ്രവർത്തകരും ഇത് കുറക്കാതെ പുതിയ ചിത്രങ്ങൾ തുടങ്ങാനാവില്ലെന്ന് കാണിച്ച് ഫെഫ്കക്കും അഭിനേതാക്കളുടെ സംഘടനയായ അമ്മക്കും നിർമാതാക്കൾ നേരേത്ത കത്ത് നൽകിയിരുന്നു. രണ്ട് സംഘടനയിൽനിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായത്. പ്രതിഫലം കുറക്കാൻ അംഗങ്ങളോട് നിർദേശിച്ചതായി ഇരുസംഘടനയും നിർമാതാക്കളെ അറിയിച്ചിരുന്നു.
എന്നാൽ, ചില താരങ്ങളെ സമീപിച്ചപ്പോൾ മുമ്പ് വാങ്ങിയിരുന്നതിെനക്കാൾ തുക പ്രതിഫലമായി ആവശ്യപ്പെട്ടു. കോവിഡുമൂലം സിനിമ നിർത്തിവെക്കുന്നതിനുമുമ്പ് ചെയ്ത ചിത്രങ്ങളിൽ വേതനം സംബന്ധിച്ചുണ്ടാക്കിയ കരാറിൽനിന്ന് 30 മുതൽ 50 ശതമാനം വരെ കുറവ് വരുത്തിയതായി ബോധ്യപ്പെട്ട േപ്രാജക്ടുകൾക്കുമാത്രം ചിത്രീകരണം തുടങ്ങാൻ അനുമതി നൽകിയാൽ മതിയെന്നാണ് നിർമാതാക്കളുടെ തീരുമാനം. ഈ ആവശ്യത്തിന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പൂർണ പിന്തുണ അറിയിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം. രഞ്ജിത്ത് പറഞ്ഞു.

